Categories
education Kerala local news news

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 98.82 ശതമാനം കുട്ടികളും വിജയിച്ചു; 637 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി; മറ്റു വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 98.82ശതമാനം കുട്ടികളും വിജയിച്ചു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 0.71ശതമാനം കൂടുതൽ വിജയം കൈവരിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 4,22092 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,17,101 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മോഡറേഷനില്ലാതെയാണ് ഇത്രയും ഉയര്‍ന്ന വിജയം. എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 41,906 പേരാണ്. കഴിഞ്ഞ വര്‍ഷം ഇത് 37,334 ആയിരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് എ പ്ലസ് ലഭിച്ചത്.

പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770പേരില്‍ 1,356 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.76.61 ആണ് വിജയശതമാനം. 637 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. 404 അണ്‍ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം നേടി.

ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്കാണ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയിലും കുറവ് വയനാട്ടിലുമാണ്. കുട്ടനാട്ടില്‍ നൂറുശതമാനമാണ് ജയം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.

സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണിന് സീറ്റുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കി .സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ളവ സംബന്ധിച്ച കണക്കുകള്‍ വന്നശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം തീയതിക്ക് മുമ്പ് സി.ബി.എസ്.ഇ പരീക്ഷാഫലം വരുമെന്നാണ് അറിയുന്നത്. അതിനു ശേഷം സീറ്റുകള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കാം. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന തീയതി പിന്നീടറിയിക്കുമെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ പരീക്ഷാഫലം വരുന്നത് അനുസരിച്ചായിരിക്കും പ്രവേശന തീയതി വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനം മുന്‍ വര്‍ഷങ്ങളിലേതു പോലെ ഓണ്‍ലൈനായി തുടരും. കൊവിഡിന്റെ സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനവും പഠനവും സംബന്ധിച്ച്‌ യാതൊരു പ്രതിസന്ധിയുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി നല്‍കുന്ന വിശദീകരണം. സംസ്ഥാനത്ത് ഇപ്പോഴത്തെ നിലയ്ക്ക് ഓണ്‍ലൈന്‍ വഴിയുള്ള താത്ക്കാലിക പഠനരീതിയാണ് മറ്റ് ക്ലാസുകളില്‍ സ്വീകരിച്ചിരിക്കുന്നത്. അതു തന്നെയാകും പ്ലസ് വണിലും ആവശ്യമെങ്കില്‍ സ്വീകരിക്കുക. സ്കൂളുകള്‍ തുറക്കുന്ന സമയത്ത് ക്ലാസുകളില്‍ പഠനം നടത്താവുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപെയേഡ്) പരീക്ഷാഫലവും പ്രഖ്യാപിച്ചു. രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ പാസ് ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയിരുന്നു.

  1. http://keralapareekshabhavan.in
  2. http://sslcexam.kerala.gov.in
  3. www.results.kite.kerala.gov.in
  4. http://results.kerala.nic.in
  5. www.prdkerala.gov.in
  6. www.sietkerala.gov.in വെബ്സൈറ്റുകള്‍ വഴിയും ‘സഫലം 2020’ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ഫലമറിയാം.

എസ്.എസ്.എല്‍.സി (എച്ച്‌.ഐ) റിസല്‍റ്റ് http://sslchiexam.kerala.gov.in ലും ടി.എച്ച്‌.എസ്.എല്‍.സി റിസല്‍റ്റ് http://thslcexam.kerala.gov.in ലും എ.എച്ച്‌.എസ്.എല്‍.സി റിസല്‍റ്റ് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവിലും ലഭിക്കും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആര്‍.ഡി ലൈവ് (prd live) ഡൗണ്‍ലോഡ് ചെയ്യാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest