Categories
articles news

സിനിമയിൽ എന്ത് സംഗീതമാണോ വേണ്ടത്, അത് എസ്. പി. ബിയുടെ ഹൃദയത്തിലുണ്ടായിരുന്നു

എം .ജി ആറിനെയും ശിവാജി ഗണേശനെയും ജനമനസ്സുകളിൽ പ്രതിഷ്ഠിച്ച സിനിമകളിൽ അനിവാര്യ ഘടകമായി എസ്. പി. ബിയുടെ പാട്ടുകളും ഉണ്ടായിരുന്നു.

ചെന്നൈ എംജിഎം ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന അദ്ദേഹം ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഗീതത്തിൽ സ്. പി ബാലസുബ്രഹ്മണ്യം ആർക്കും പിടികൊടുക്കാത്ത വിസ്മയമാണ്.

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല, രാഗങ്ങൾ കേട്ടാൽ തിരിച്ചറിയില്ല, സ്വരപ്പെടുത്തിയാൽ നോക്കിപ്പാടാനറിയില്ല എന്നൊക്കെ എസ്. പി.ബി തുറന്നു പറയാറുണ്ട്. വിശ്വസിക്കാനാവില്ല. അദ്ദേഹം പാടുന്നത് കേട്ടാൽ അഭ്യാസത്തിന്‍റെ തിണ്ണബലമുള്ളവർ പലരും തലകുനിക്കും. തന്നെക്കുറിച്ചുള്ള ഈ വിപരീത അഹംബോധമായിരിക്കാം അദ്ദേഹത്തിന്‍റെ പ്രതിഭയുടെ അടിസ്ഥാനം.

കെ. വിശ്വനാഥ് ശാസ്ത്രീയ സംഗീതം പ്രമേയമാക്കി തെലുഗിൽ ഒരു ഗൗരവമുള്ള സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ അതിൽ പാടാൻ വിളിച്ചത് ഡോ. എം. ബാലമുരളീകൃഷ്ണയെയോ കെ. ജെ. യേശുദാസിനെയോ പി.ബി. ശ്രീനിവാസിനെയോ അല്ല; എസ്. പി. ബാലസുബ്രഹ്മണ്യത്തെ. തന്നെക്കൊണ്ട് കഴിയാത്തതാണെന്നു പറഞ്ഞ് എസ്.പി.ബി ഒഴിഞ്ഞെങ്കിലും കെ. വിശ്വനാഥിനും സംഗീത സംവിധായകൻ കെ.വി.മഹാദേവനും പരിപൂർണ വിശ്വാസമായിരുന്നു എസ്. പി. ബി യിൽ; തങ്ങളുടെ മനസ്സിലുള്ള സംഗീതത്തെ പൂർണമായും പ്രതിഫലിപ്പിക്കാൻ സ്വയം ചെറുതെന്ന് കരുതുന്ന ആ ഗായകന് കഴിയുമെന്ന് .

ശങ്കരാഭരണത്തിലെ ഗാനങ്ങൾ ഹൃദിസ്ഥമാക്കി പുനഃരാവിഷ്കരിക്കാൻ എസ്. പി. ബി നടത്തിയ പരിശ്രമം സിനിമാ സംഗീത ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. കെ.വി.മഹാദേവന്‍റെ സഹായിയായ പുകഴേന്തി പാടി റെക്കോഡ് ചെയ്ത് കൊടുത്ത പാട്ടുകൾ ദിവസങ്ങളോളം കേട്ട് അതിന്‍റെ അതിസൂക്ഷ്മ ഭാവങ്ങളെപ്പോലും ആവാഹിച്ച് അദ്ദേഹം നടത്തിയ ആലാപനമാണ് ‘ശങ്കരാഭരണം’ സിനിമയെ ജനപ്രിയമാക്കിയതിലെ പ്രധാന ഘടകമെന്നു പറയാൻ ഒരു മടിയുമില്ല.

1980 ൽ ശങ്കരാഭരണം സിനിമ ഡബ് ചെയ്ത് കേരളത്തിൽ റിലീസ് ചെയ്തപ്പോൾ അതിലെ പാട്ടുകൾ കേൾക്കാനായി മാത്രം തുടർച്ചയായ 12 ദിവസം കൊല്ലം പ്രിൻസ് തിയേറ്ററിൽ പോയി സിനിമ കണ്ട നിരവധി പേർ ആ സിനിമയെ സ്നേഹിക്കാൻ കാരണം അതിലെ പാട്ടുകളാണെന്ന് പറഞ്ഞാൽ അവിശ്വസിക്കേണ്ടതില്ല.

ഹിന്ദിയിൽ മുഗൾ എ അസം, ബൈജു ബാവറ, ഝനക് ഝനക് പായൽ ബാജേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ പാടാൻ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഉന്നത സ്ഥാനീയരായ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഡി. വി പലൂസ്കർ , ഉസ്താദ് അമീർ ഖാൻ എന്നിവരെ ഉപയോഗിച്ചത് നമുക്കറിയാം. എന്നാൽ സംഗീത-നൃത്ത പ്രധാനമായ ‘ശങ്കരാഭരണ’ത്തിൽ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത എസ്. പി ബാലസുബ്രഹ്മണ്യത്തെ പാടാനായി നിശ്ചയിച്ചു. സിനിമയും ഗാനങ്ങളും ഹിറ്റുകളിൽ ഹിറ്റാവുകയും ചെയ്തു.

സിനിമയിൽ എന്ത് സംഗീതമാണോ വേണ്ടത്, അത് എസ്. പി. ബി യുടെ ഹൃദയത്തിലുണ്ടായിരുന്നു. അതാണ് അദ്ദേഹം നൽകിയത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ മാത്രമല്ല, ഹിന്ദിയടക്കമുള്ള മറ്റു ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ പാടി. 1966 ഡിസംബർ 15ന് ആരംഭിച്ച ആ അശ്വമേധം കോവിഡിന് കീഴടങ്ങും വരെ തുടർന്നു. എം .ജി ആറിനെയും ശിവാജി ഗണേശനെയും ജനമനസ്സുകളിൽ പ്രതിഷ്ഠിച്ച സിനിമകളിൽ അനിവാര്യ ഘടകമായി എസ്. പി. ബിയുടെ പാട്ടുകളും ഉണ്ടായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളുടെ വിജയ ചേരുവകളിൽ ഏറെക്കാലം എസ്. പി. ബി. ഒരു പ്രധാന ഘടകമായി നിലനിന്നു. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ജനിച്ച അദ്ദേഹം ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനമായ ചെന്നൈ നഗരത്തിന്‍റെ വളർത്തു പുത്രനായി മാറി.

16 ഇന്ത്യൻ ഭാഷകളിലായി 40000 ത്തോളം ഗാനങ്ങൾ അദ്ദേഹം റെക്കോഡ് ചെയ്തു. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡ് അദ്ദേഹത്തിന്‍റെതായുണ്ട്. ഒറ്റ ദിവസം 21 ഗാനങ്ങൾ റെക്കോഡ് ചെയ്ത് മറ്റൊരു അത്ഭുതം കാട്ടി. മൂന്ന് തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം. സർവോപരി ജനകോടികളുടെ ഹൃദയത്തിലും ചുണ്ടുകളിലും എന്നും തുടിക്കുന്ന ഒട്ടേറെ ഗാനങ്ങൾ. എസ്. പി. ബി.ബി നമ്മുടെ സാംസ്കാരിക ലോകത്തെ നിത്യവിസ്മയമാണ്. ഒറ്റ ആശ്വാസം മാത്രം. ഗായകർ ഒരിക്കലും മരിക്കില്ല; അവരുടെ ഗാനങ്ങൾ നിലനിൽക്കുവോളം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest