Categories
local news

വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കണം: കേരള മുസ്‌ലിം ജമാഅത്ത്

വാടക നല്‍കാനോ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനോ പ്രയാസപ്പെടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ആശ്വാസം പ്രഖ്യാപിക്കണം.

കാസര്‍കോട്: നിയന്ത്രണങ്ങളോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ കോവിഡ് പ്രോട്ടോകോളില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ക്യാബിനറ്റ് യോഗം ആവശ്യപ്പെട്ടു.

ദിവസം മുഴുവന്‍ തുറന്ന് വെച്ചാലും കുറഞ്ഞ ആളുകള്‍ മാത്രം വന്നു പോകുന്ന വ്യാപാര സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ലോക്ഡൗണിന്‍റെ പേരില്‍ അടച്ചിടുന്നതില്‍ ഒരു ന്യായവുമില്ല. ഒരു തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡില്‍ ഒരാഴ്ച്ചയിലെ കോവിഡ് പരിശോധന നിരക്ക് കൂടിയതിന്‍റെ പേരില്‍ പഞ്ചായത്തോ വാർഡോ മുഴുവനും അടച്ചിടുന്ന രീതി അവസാനിപ്പിച്ച് രോഗ ബാധിത പ്രദേശങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ട് വരുന്ന സംവിധാനം ഉണ്ടാകണം.

ഒന്നര വര്‍ഷമായി തുടരുന്ന നിയന്ത്രണങ്ങള്‍ മൂലം തൊഴില്‍ മേഖല പോലെ വ്യാപാര വ്യവസായ രംഗവും ഏറെ പ്രതിസന്ധിയിലാണ്. വാടക നല്‍കാനോ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനോ പ്രയാസപ്പെടുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിര ആശ്വാസം പ്രഖ്യാപിക്കണം. മാസ്‌കും ശാരീരിക അകലവും ഉറപ്പാക്കി എല്ലാ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നാടിന് കരകയറാനും തൊഴില്‍ നഷ്ടം ഇല്ലാതാകാനും സഹായകമാകുമെന്നും യോഗം വിലയിരുത്തി.

ജില്ലാ പ്രസിഡന്റ് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതമാശംസിച്ചു. അബ്ദുല്‍ ഹകീം ഹാജി കളനാട്, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, കന്തല്‍ സൂപ്പി മദനി, യൂസുഫ് മദനി ചെറുവത്തൂര്‍, സി. എല്‍ ഹമീദ് ചെമ്മനാട്, മദനി ഹമീദ് ഹാജി കാഞ്ഞങ്ങാട്, കെ. എച്ച് അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest