Categories
health local news

പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ. മൂസക്കുഞ്ഞി എം.കെ മംഗലാപുരം ഇന്ത്യാനയിൽ; ആദ്യമായി നടത്തിയ ബീറ്റിംഗ് ഹാര്‍ട്ട് റീ-ഡൂ ബൈപ്പാസ് ശസ്ത്രക്രിയ പൂർണ്ണ വിജയം; 55 കാരൻ പുതുജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവം വിശദീകരിച്ച് ഡോക്ടർ

വലിയ ചെലവ് കൂടാതെയാണ് ഈ നൂതന ശസ്ത്രക്രിയ ഇന്ത്യാനയിൽ നടത്തുന്നത്. ഇത് കൂടുതൽ ഹൃദ്രോഗികൾക്ക് ഗുണം ചെയ്യുമെന്നും ഡോ. യൂസഫ് കുമ്പള

കാസര്‍കോട്: മംഗലാപുരം ഇന്ത്യാന ആസ്പത്രിയില്‍ കാസര്‍കോട് സ്വദേശിയും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനുമായ ഡോ. എം.കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ അതി സങ്കീര്‍ണ്ണമായ ബീറ്റിംഗ് ഹാര്‍ട്ട് റീഡൂ ബൈപ്പാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായി കാര്‍ഡിയാക് സയന്‍സ് ആന്റ് ചീഫ് ഹാര്‍ട്ട് സര്‍ജന്‍ ഡോ. മൂസക്കുഞ്ഞിയും ആസ്പത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. യൂസഫ് കുമ്പളയും കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മംഗളൂരുവില്‍ മാത്രമല്ല, ദക്ഷിണ ഇന്ത്യയില്‍ തന്നെ ആദ്യത്തെ ശസ്ത്രക്രിയയാണിത്. തൃശൂര്‍ സ്വദേശിയായ ഉമ്മര്‍ (55) എന്ന രോഗിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

പതിനഞ്ച് വര്‍ഷം മുമ്പ് ഉമ്മര്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ഹൃദയത്തിലെ ഒന്നിലധികം ബ്ലോക്കുകള്‍ക്കായി ആഞ്ചിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനായിരുന്നു. ഹൃദയത്തില്‍ കൂടുതല്‍ പുതിയ ബ്ലോക്കുകളും നെഞ്ചുവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് ബൈപ്പാസ് സര്‍ജറിക്ക് വിധേയനാവുകയും സുഖം പ്രാപിക്കുകയും ചെയ്തു. നെഞ്ചിലെ പേശികള്‍ക്ക് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്യേണ്ടിയും വന്നു. എന്നാല്‍ 2 മാസം മുമ്പ് പെട്ടെന്ന് കഠിനമായ നെഞ്ചുവേദനയെ തുടര്‍ന്ന് നടക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. ഇത്തവണ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കഠിനമായ ബ്ലോക്കുകള്‍ വീണ്ടും വികസിച്ചതായും ഹൃദയ പേശികളിലേക്ക് വളരെ കുറച്ച് രക്തം മാത്രം പമ്പ് ചെയ്യുന്നതായും കണ്ടെത്തി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. അടിയന്തരമായി ബൈപ്പാസ് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഡോ. മൂസക്കുഞ്ഞിയെ ബന്ധപ്പെട്ടു. ഉടൻതന്നെ രോഗിയെ മംഗലാപുരത്തെ ഇന്ത്യാന ആസ്പത്രിയില്‍ എത്തുകയായിരുന്നു.

6 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയക്കാണ് ഡോ. മൂസക്കുഞ്ഞി നേതൃത്വം നൽകിയത്. ഹൃദയം നിര്‍ത്താതെയുള്ള (ബീറ്റിംഗ് ഹാര്‍ട്ട്) നൂതന സാങ്കേതികതയിലൂടെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി. രോഗിയുടെ കാലില്‍ നിന്ന് എടുത്ത സിരകള്‍ ബ്ലോക്ക് മറികടക്കാന്‍ ഉപയോഗിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഒരു പ്രധാന ധമനിയുടെ പേശികളുടെ കട്ടിയുള്ള വളര്‍ച്ചയും ഹൃദയപേശികളിലേക്കുള്ള (മയോകാര്‍ഡിയല്‍ ബ്രിഡ്ജ്) രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതായും കണ്ടെത്തി. ഇത്തരം ഒരു അനുഭവം ആദ്യമാണെന്നും അതിന്‍റെ ഭാഗമായിരിക്കാം രോഗിക്ക് നേരിട്ട കഠിനമായ നെഞ്ചുവേദനയെന്നും ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയ സമയത്ത് ഡോക്ടർമാർ കരുതിയത് പോലെയുള്ള ബ്ലഡ് ഈ രോഗിക്ക് ആവശ്യമായി വന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്.

ഏകദേശം 3 സെന്റിമീറ്റര്‍ നീളമുള്ള ഹൃദയ പേശി മുറിച്ചു മാറ്റുകയായിരുന്നു. സാധാരണയായി ഇത് ഒരു കടുത്ത തീരുമാനമാണെന്നും മിടിക്കുന്ന ഹൃദയം ബൈപാസ് ശസ്ത്രക്രിയയില്‍ ഈ പേശി മുറിക്കുന്നതിന് ഉയര്‍ന്ന വൈദഗ്ധ്യവും ശസ്ത്രക്രിയാ വൈദഗ്ധ്യവും ആവശ്യമാണെന്നും ഹൃദയ ശസ്ത്രക്രിയില്‍ ബീറ്റിംഗ് ഹാര്‍ട്ടില്‍ പരിചയ സമ്പന്നനായ ഡോ. മൂസക്കുഞ്ഞി പറഞ്ഞു. പേശി മുറിച്ച് ധമനിയുടെ കംപ്രഷന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇത് വിജയകരമായി ചെയ്തു. റീഡു ബൈപാസ് സര്‍ജറി സമയത്ത് അത്തരം ഒരു സാഹചര്യം ഹൃദയമിടിപ്പിനെത്തുടര്‍ന്ന് ധമനിയുടെ ഹൃദയപേശികള്‍ മുറിച്ചുമാറ്റുന്നത് ലോകത്ത് തന്നെ അപൂര്‍വ്വമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗി ഇപ്പോള്‍ ആരോഗ്യത്തോടു കൂടി ഡിസ്ചാര്‍ജ് ചെയ്യാന്‍ തയ്യാറായിരിക്കുകയാണ്. ഇന്ത്യാന ആസ്പത്രിയില്‍ സങ്കീര്‍ണമായ ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ആസ്പത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. യൂസഫ് കുമ്പള പറഞ്ഞു. വലിയ ചെലവ് കൂടാതെയാണ് ഈ നൂതന ശസ്ത്രക്രിയ ഇന്ത്യാനയിൽ നടത്തുന്നത്. ഇത് കൂടുതൽ ഹൃദ്രോഗികൾക്ക് ഗുണം ചെയ്യുമെന്നും ഡോ. യൂസഫ് കുമ്പള കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest