Categories
national news

പൂനെ പോര്‍ഷെ അപകടം; പതിനേഴ് വയസുകാരൻ്റെ മുത്തച്ഛന് ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്, സമഗ്രമായി അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്

കാറോടിച്ച 17കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് വിലക്കിയതായി ഗതാഗത കമ്മിണര്‍

പൂനെ: കല്യാണി നഗർ ഏരിയയിൽ ആഡംബര കാർ ഇടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ പ്രതിയായ 17കാരൻ്റെ മുത്തച്ഛൻ്റെ ക്രിമിനൽ ബന്ധം പുറത്തും. ‘മോശം കൂട്ടുകെട്ടിൽ’ നിന്ന് കുട്ടിയെ അകറ്റി നിർത്താമെന്ന മുത്തച്ഛൻ്റെ ഉറപ്പിലായിരുന്നു നേരത്തെ പതിനേഴുകാരന് ജാമ്യം അനുവദിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് മുത്തച്ഛൻ്റെ ക്രിമിനൽ ബന്ധവും പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കിയിരുന്നു. മെയ് 19ന് നടന്ന സംഭവത്തിൽ 15 മണിക്കൂറിനുള്ളിൽ ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം നൽകിയതിന് വലിയ തരത്തിലുള്ള ജനരോഷത്തിന് കാരണമായി. ഇതിനിടിയിലാണ് കുട്ടിയുടെ മുത്തച്ഛന് അധോലോക ഗുണ്ടാ സംഘത്തിൻ്റെ നേതാവ് ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന വിവരം പുറത്ത് വരുന്നത്. ഗുണ്ടാ സംഘത്തിന് പണം നൽകിയെന്ന് ആരോപണമുള്ള ഷൂട്ടൗട്ട് കേസിൽ ഇയാൾ വിചാരണ നേരിടുകയാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. (പ്രായപൂർത്തിയാകാത്ത പ്രതിയെ തിരിച്ചറിയും എന്നതിനാൽ മുത്തച്ഛൻ്റെ പേര് വെളിപ്പെടുത്താൻ നിയമപരമായ തടസ്സമുണ്ട്)

കുടുംബ ബിസിനസുമായി ബന്ധപ്പെട്ട് ശിവസേന കോർപ്പറേറ്ററായിരുന്ന അജയ് ഭോസാലെയെ വിധിക്കാൻ കുട്ടിയുടെ മുത്തച്ഛൻ ഛോട്ടാ രാജൻ്റെ സംഘത്തിലെ ഒരു വാടക ​ഗുണ്ടായുടെ സഹായം തേടിയതിന് പൂനെ പൊലീസ് കേസെടുത്തിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മുത്തച്ഛനെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഭോസാലെയെ കൊലപ്പെടുത്താൻ ഛോട്ടാ രാജന് 2009ൽ കരാർ നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്നു.

ഭോസാലെക്ക് തൻ്റെ സഹോദരനുമായി ബിസിനസ് ബന്ധമുള്ളതായി അദ്ദേഹം സംശയിച്ചിരുന്നു. അതിനെ തുടർന്നാണ് ഭോസാലെയെ ഇല്ലാതാക്കാൻ അദ്ദേഹം ഗുണ്ടാ സംഘത്തോട് ആവശ്യപ്പെട്ടുന്നത്. കൊറേഗാവ് പാർക്കിലൂടെ വാഹ​നത്തിൽ സഞ്ചാരിക്കുമ്പോളാണ് വാടകഗുണ്ട ഭോസാലെയുടെ കാറിന് നേരെ വെടിയുയർക്കുന്നത്. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. എന്നാൽ ഭോസാലെ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കുട്ടിയുടെ കുടുംബത്തിൻ്റെ ഇത്തരം ബന്ധങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പുനൽകി. കാറോടിച്ച 17കാരനെ 25 വയസ് വരെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് വിലക്കിയതായി ഗതാഗത കമ്മിണര്‍ വിവേക് ഭിമന്‍വാര്‍ പറഞ്ഞു.

അപകടമുണ്ടാക്കിയ പോര്‍ഷെ ടയ്ക്കാൻ കാറിന് രജിസ്‌ട്രേഷന്‍ ഇല്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 1758 രൂപ ഫീസ് അടയ്ക്കാത്തതിനാലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ദാരുണമായ സംഭവത്തെ തുടർന്ന്, പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കൈയേറ്റ വിരുദ്ധ നടപടിക്കിടെ നഗരത്തിലെ മാർക്കറ്റ് കോറേഗാവ് പാർക്കിലെ വാട്ടേഴ്‌സ്, ഒറില്ല എന്നീ രണ്ട് പബ്ബുകൾ പൊളിച്ച് മാറ്റി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest