Categories
Kerala news

വിജയ രഹസ്യം പങ്കുവെച്ച്‌ നീറ്റ് പരീക്ഷാ ടോപ്പര്‍ നന്ദിത; കാലത്ത് 4.45ന് എഴുന്നേറ്റ് പഠിക്കും, മടുപ്പ് തോന്നിയാല്‍ വിശ്രമിക്കും

പഠിച്ചാല്‍ മറന്നുപോകുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചു പഠിച്ചു

എല്ലാവരും ആവേശത്തോടെ കാത്തിരുന്ന നീറ്റ് യു.ജി പ്രവേശന പരീക്ഷ ഫലം പുറത്തുവന്ന​പ്പോള്‍ മലപ്പുറം ജില്ലയിലെ തവനൂര് നിന്നുള്ള മിടുക്കി പി.നന്ദിതയാണ് കേരളത്തില്‍ ഒന്നാമതെത്തിയത്. ദേശീയ തലത്തില്‍ 47ാം റാങ്കാണ് നന്ദിതക്ക്. ആദ്യ അമ്പത് റാങ്കുകളിലെ ഏക മലയാളിയും നന്ദിതയാണ്. രണ്ടാം ശ്രമത്തിലാണ് നീറ്റിലെ ഉന്നത വിജയം നന്ദിത കൈപ്പിടിയില്‍ ഒതുക്കിയത്. ആദ്യ ശ്രമത്തില്‍ 579 മാര്‍ക്കാണ് ലഭിച്ചത്. ഇത്തവണ അത് 701 മാര്‍ക്കായി ഉയര്‍ന്നു. റിട്ട. നാവിക സേന ഉദ്യോഗസ്ഥന്‍ പദമനാഭൻ്റെയും കോമളവല്ലിയുടെയും മകളാണ് നന്ദിത. വിജയത്തിന് പിന്നിലെ സൂത്രവാക്യങ്ങളെ കുറിച്ച്‌ നന്ദിത പറയുന്നു.

വിജയത്തിലെത്താന്‍ കുറുക്കു വഴികള്‍ ഇല്ലെന്നാണ് ഈ മിടുക്കി പറയുന്നത്. എന്നും രാവിലെ 4.45ന് എഴുന്നേറ്റ് പഠിക്കുന്നതായിരുന്നു ശീലം. തുടര്‍ച്ചയായി കുറെ നേരമിരുന്ന് പഠിക്കും. മടുപ്പ് തോന്നിയാല്‍ കുറച്ചു നേരം വിശ്രമിക്കും.

ഒരു ദിവസം 10-12 മണിക്കൂര്‍ വരെ പഠിക്കാനായി മാറ്റിവെച്ചു. പരീക്ഷയടുത്തപ്പോള്‍ അത് 15 മണിക്കൂറായി. ദിവസം ആറുമണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിച്ചു.

ആശയം മനസിലാക്കി പഠിക്കുകയായിരുന്നു പ്രധാനം. പഠനത്തിന് ആവശ്യമായ കുറിപ്പുകള്‍ സ്വയം ഉണ്ടാക്കി. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷയെഴുതാന്‍ പരിശീലനം നടത്തി. ഒപ്പം മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും വായിച്ചു. പഠിച്ചാല്‍ മറന്നുപോകുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചു പഠിച്ചു.

ഫിസിക്സിനെയാണ് നന്ദിത ഏറെ പേടിച്ചത്. എന്നാല്‍ ആ വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും നേടാന്‍ സാധിച്ചു. എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളാണ് പഠിച്ചത്. ന്യൂഡല്‍ഹി എയിംസില്‍ പഠിക്കാനാണ് നന്ദിതയുടെ തീരുമാനം. തിരുനാവായ നാവാമുകുന്ദ സ്‌കൂളിലായിരുന്നു പ്ലസ്-ടു പഠനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest