Categories
health local news

കാസർകോട് ജനറല്‍ ആശുപത്രി: നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റും മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു

രോഗി സൗഹൃദവും ജനസൗഹൃദവും അടിസ്ഥാനമാക്കിയായിരിക്കും ഓരോ സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കുക.

കാസർകോട്: ജില്ലയില്‍ രണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് ജില്ലയില്‍ വേണ്ട സമയത്ത് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ വികസനങ്ങള്‍ നടപ്പിലാക്കുന്നുണ്ട്.

കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക പരിഗണനയാണ് ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ എന്നും നല്‍കിക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാരിൻ്റെ കാലത്ത് കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ ന്യൂറോളിജിസ്റ്റിൻ്റെ അഭാവം മനസ്സിലാക്കികൊണ്ട് ബന്ധപ്പെട്ട തസ്തികയില്‍ നിയമനം നടത്തുകയും അത്യാധുനിക ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. ജില്ലയില്‍ ആവശ്യമുള്ള തസ്തികകളില്‍ ഉദ്യോഗസ്ഥരെ ലഭിക്കാതെ വന്നപ്പോള്‍ പ്രത്യേക പാക്കേജുകളിലൂടെ സര്‍ക്കാര്‍ നിയമനങ്ങള്‍ ഉറപ്പാക്കി.

ജില്ലയിലെ 30 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. താലൂക്ക് ആശുപത്രിയിലെ എസ്.എന്‍.സി യുവിന് 50 ലക്ഷം രൂപയും പി.ഐ.സിയുവിന് ഒരു കോടി 58 ലക്ഷം രൂപയുമാണ് ചിലവഴിച്ചിട്ടുള്ളത്. രണ്ടിലും അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. രോഗി സൗഹൃദവും ജനസൗഹൃദവും അടിസ്ഥാനമാക്കിയായിരിക്കും ഓരോ സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കുക. നേരത്തെ സംസ്ഥാനത്തെ 30 ശതമാനം ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് 60 – 70 ശതമാനം വരെയാണ്.

സംസ്ഥാന സര്‍ക്കാരിൻ്റെ ആരോഗ്യമേഖലയിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത്. ആരുടെയെങ്കിലും ഭാഗത്ത് നിന്ന് അലംഭാവമോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പരിശോധിച്ചിരിക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ സ്വാഗതം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. കാസര്‍കോട് നഗരസഭാ വികസനകാര്യ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കാസര്‍കോട് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കാസര്‍കോട് നഗരസഭാ വിദ്യാഭ്യാസകാര്യം ചെയര്‍പേഴ്സണ്‍ കെ.രജനി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.വി.രാംദാസ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.റിജിത്ത് കൃഷ്ണന്‍, എച്ച്.എം.സി അംഗം കെ.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ.രാജാറാം നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest