Categories
channelrb special Kerala news

പത്രം കത്തിച്ച ലീഗിന് വോട്ടിലൂടെ പണി കൊടുക്കാന്‍ സമസ്‌ത; നാല് മണ്ഡലങ്ങളില്‍ യു.ഡി.എഫിന് തിരിച്ചടി ആയേക്കും

ഇടതുമുന്നണിയുടെ പരസ്യം സമസ്‌ത മുഖപത്രം സുപ്രഭാതത്തില്‍ വന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുസ്ലീം ലീഗും സമസ്‌തയും മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അകല്‍ച്ചയിലാണ്. സമസ്‌ത മുഖപത്രം ലീഗ് അണികള്‍ കത്തിക്കുന്ന വീഡിയോ വ്യാപകമായി പുറത്തു വന്നതോടെയാണ് ഇരു സംഘടനകളും കൂടുതല്‍ അകല്‍ച്ചയിലായത്. ഇത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചില മണ്ഡലങ്ങളില്‍ തിരിച്ചടിയായേക്കും.

സംസ്ഥാനത്തെ മുസ്ലീം വിഭാഗങ്ങളുടെ ഏറ്റവും വലിയ സംഘടനയാണ് സമസ്‌ത. മുസ്ലീം ലീഗിൻ്റെ പോഷക സംഘടന എന്നതു പോലെയായിരുന്നു ഒരു കാലത്ത് സമസ്‌തയുടെ പ്രവര്‍ത്തനമെങ്കില്‍ കഴിഞ്ഞ ചില നാളുകളായി ഇരു സംഘടനകളും പല അവസരങ്ങളിലും പരസ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സ്വതന്ത്ര സംഘടനയായി സമസ്‌ത അഭിപ്രായങ്ങള്‍ പറയുന്നതും സംഘടനാ പ്രവര്‍ത്തനം നടത്തുന്നതും ലീഗ് എതിര്‍ത്തതോടെ ആണ് തര്‍ക്കം കടുത്തത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുടെ പരസ്യം സമസ്‌ത മുഖപത്രം സുപ്രഭാതത്തില്‍ വന്നതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതില്‍ പ്രകോപിതരായ ലീഗ്, അണികളെ ഉപയോഗിച്ച്‌ പത്രം കത്തിക്കുക ആയിരുന്നു.

പല സ്ഥലങ്ങളില്‍ നിന്നും പത്രം കത്തിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതോടെ തെരഞ്ഞെടുപ്പില്‍ ലീഗിന് മറുപടി നല്‍കാനാണ് സമസ്‌തയുടെ തീരുമാനം.

മുസ്ലീം ലീഗിൻ്റെ വോട്ടുബാങ്കാണ് സമസ്‌ത. എന്നാല്‍, മുസ്ലീം ലീഗ് എന്നതിനേക്കാള്‍ സമസ്‌തയെന്ന സംഘടനയെ വൈകാരികമായി കാണുന്നവരാണ് മുസ്ലീങ്ങള്‍. അതുകൊണ്ടു തന്നെ ലീഗിനും യു.ഡി.എഫിനും സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുന്ന വോട്ടുകളില്‍ വലിയൊരു ശതമാനം ഇക്കുറി എല്‍.ഡി.എഫിന് ലഭിക്കാനാണ് സാധ്യത. സമസ്‌ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിൻ്റെ പ്രതികരണം എല്‍.ഡി.എഫിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

മലബാറിലെ നാല് മണ്ഡലങ്ങളിലെങ്കിലും ജയപരാജയം നിര്‍ണയിക്കാന്‍ സമസ്‌തക്ക് സാധിക്കും. മലപ്പുറത്തും പൊന്നാനിയിലും ലീഗിൻ്റെ ഭൂരിപക്ഷം കുറയ്ക്കുന്നതിനൊപ്പം, കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നീ മണ്ഡലങ്ങളില്‍ സമസ്‌തയുടെ നിലപാട് നിര്‍ണായകം ആകുമെന്നാണ് റിപ്പോര്‍ട്ട്. കടുത്തപോരാട്ടം നടക്കുന്ന ഇവിടെ സമസ്‌തയുടെ വോട്ടുകള്‍ കൂട്ടത്തോടെ ഇടതുപക്ഷത്തിന് ലഭിച്ചാല്‍ യു.ഡി.എഫിന് ജയം എളുപ്പമാകില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest