Categories
channelrb special health Kerala news

റമദാനെ വരവേല്‍ക്കാൻ ഒരുങ്ങി; ആരോഗ്യത്തിന് അത്യുത്തമം, ശരീരത്തിനും മനസിനും ഉന്മേഷം പകരും, നോമ്പ് കഞ്ഞി സവിശേഷതകൾ അറിയാം

പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ നോമ്പ് കഞ്ഞി മികച്ചതാണ്.

കാസർകോട്: റമദാനെ വരവേല്‍ക്കാൻ ഒരുങ്ങി വിശ്വാസികള്‍. റമദാനിലെ വ്രതം പോലെ സവിശേഷമാണ് നോമ്പ് തുറയും. കൊതിപ്പിക്കുന്നതും സ്വാദിഷ്ടവുമായ പലതരം വിഭവങ്ങളാണ് തീന്മേശയില്‍ ഇടം നേടുക. മിക്ക വീടുകളിലും പണ്ടുകാലം തൊട്ടേ തയാറാക്കുന്ന വിഭവമാണ് നോമ്പ് കഞ്ഞി. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ഉലുവ, ജീരകം, ചുമന്നുള്ളി, മഞ്ഞള്‍, ഉപ്പ്, കറിവേപ്പില, തേങ്ങ തുടങ്ങി ഒട്ടനവധി ചേരുവകള്‍ നിറഞ്ഞതായത് കൊണ്ട് ഇതിന് ഔഷധ ഗുണങ്ങള്‍ ഏറെയാണ്.

ആരോഗ്യ നേട്ടങ്ങള്‍

റമദാനില്‍ ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ഒന്നും കഴിക്കുന്നതില്‍ നിന്നും കുടിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു. ഉമിനീർ വിഴുങ്ങുന്നതില്‍ വരെ ശ്രദ്ധിക്കുന്നു. അതിനാല്‍ നോമ്പ് തുറ സമയത്ത് കഴിക്കുന്ന ആഹാരങ്ങളും ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞത് ആയിരിക്കേണ്ടതുണ്ട്. പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ നോമ്പ് കഞ്ഞി എന്തുകൊണ്ടും മികച്ചതാണ്.

സാധാരണ തയ്യാറാക്കുന്ന കഞ്ഞി കൊഴുപ്പ് ഇല്ലാത്തതിനാല്‍ ദഹിപ്പിക്കാൻ ശരീരത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നത് പ്രത്യേകതയാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന കഞ്ഞി എല്ലാ പ്രായക്കാർക്കും നല്ലതാണ്.

ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കും. നോമ്പ് സമയത്തെ ക്ഷീണവും ദാഹവും മാറാനും എണ്ണ പലഹാരങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഗ്യാസ് ട്രബിള്‍,വയറുവേദന, ദഹനക്കുറവ് എന്നിവ ഒഴിവാക്കാനും ഈ കഞ്ഞി കുടിച്ചാല്‍ മതിയെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

എങ്ങനെ തയ്യാറാക്കാം?

നോമ്പ് കഞ്ഞി പലയിടങ്ങളിലും പല രൂപത്തിലും ഉണ്ടാക്കാറുണ്ട്. ചേരുവകളിലാണ് ഈ വ്യത്യാസം കാണാനാവുക. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന നോമ്പ് കഞ്ഞിയുടെ പാചകകുറിപ്പ് അറിയാം. പാലക്കാട് അടക്കം ഇത് പ്രസിദ്ധമാണ്.

ചേരുവകള്‍

  • പച്ചരി അല്ലെങ്കില്‍ ജീരകശാല അരി- 1/4 കപ്പ്
  • ഉള്ളി- 1/2
  • തക്കാളി – 1/2
  • വെളുത്തുള്ളി- 5 അല്ലി
  • ഉപ്പ്- പാകത്തിന്
  • മഞ്ഞള്‍പ്പൊടി- 1/4 ടീ‌സ്പൂണ്‍
  • മല്ലിപ്പൊടി- 4 ടേബിള്‍ സ്പൂണ്‍
  • വെള്ളം- ആവശ്യത്തിന്
  • നെയ്യ്- 1 ടേബിള്‍ സ്പൂണ്‍
  • പട്ട, ഗ്രാമ്ബു, ഏലയ്ക്ക, മല്ലിയില
  • തേങ്ങാ- 1/4 കപ്പ്.
  • ജീരകം- 1/2 ടീസ്പൂണ്‍
  • പച്ചമുളക്

പ്രഷർ കുക്കറില്‍ പാകത്തിന് വെള്ളവും ഒഴിച്ച്‌ അരി എടുക്കുക. മഞ്ഞള്‍പ്പൊടി, മല്ലിയില, മല്ലിപ്പൊടി, തക്കാളി, ഉള്ളി, പച്ചമുളക്ക്, വെളുത്തുള്ളി എന്നിവ ചേർക്കുക. രണ്ടോ മുന്നോ വിസില്‍ വരുന്നത് വരെ വേവിക്കാം. ആവി പോയതിന് ശേഷം തേങ്ങാ ജീരകവും ചേർത്ത് അരച്ച്‌ ഒഴിച്ച്‌ പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ഒരു ചെറിയ ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേർത്ത് താളിച്ച്‌ കഞ്ഞിയില്‍ ചേർത്ത് കൊടുക്കുക.

Report: Peethambaran Kuttikol

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest