Categories
articles Kerala local news news

തൃശൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നും കാസർകോട് ജില്ലയിലേക്ക് സ്ഥലം മാറ്റം; പോലീസ് സ്റ്റേഷൻ്റെ പേര് ബേഡകം എന്ന് കണ്ടപ്പോൾ ആദ്യം ഓർമ്മിച്ചത് മുപ്പത്തിമൂന്ന് വർഷം മുമ്പുള്ള രാഘവേട്ടനെ കുറിച്ച്; സി.ഐ ഉത്തംദാസ് തൻ്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ച ഓർമ്മക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

കേളോത്ത് നാടിൻ്റെ പോലീസ് രാഘവേട്ടൻ, വർഷങ്ങൾക്ക് മുമ്പ് ബേഡകം പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എൻ്റെ നാട്ടുകാരനായ പോലീസുദ്യോഗസ്ഥൻ.

(ഒരു ഓർമ്മക്കുറിപ്പ്)

ലോകം മുഴുവൻ ലോക്ഡൗണിൻ്റെ അനിശ്ചിതത്ത്വത്തിൽ വിറങ്ങലിച്ച് നില്ക്കുമ്പോൾ, ഈ ബേഡകം പോലീസ് സ്റ്റേഷനിലെ, കുന്നിൽ ചരിവിലെ പോലീസ് ക്വാർട്ടേഴ്സിൻ്റെ നിശ്ശബ്ദതയിൽ ഇരുന്ന് മൂന്ന് പതിറ്റാണ്ട് മുമ്പത്തെ ഓർമ്മകളിലേക്ക് ഞാൻ വീണ്ടുമൊരിക്കൽ കൂടി നടന്നു കയറുകയാണ്…!!

കടന്നു പോയത് നീണ്ട മുപ്പത്തിമൂന്ന് വർഷങ്ങൾ.!

കൃത്യമായി പറഞ്ഞാൽ 1987 മെയ് 5 ചൊവ്വാഴ്ച എൻ്റെ നാടിൻ്റെ ഓർമ്മയിൽ ഇനിയും മായാത്ത കറുത്തദിനം!
അന്നെനിക്ക് പതിമൂന്ന് വയസ്സ് പ്രായം. സ്കൂൾ അടച്ച സമയം അവധിക്കാലത്ത് കൂട്ടുകാർക്ക് ചിത്രം വരച്ചു നല്കിയും ഗ്രീറ്റിംഗ് കാർഡുകൾ തയ്യാറാക്കിയും, വാടകയ്ക്ക് സൈക്കിൾ എടുത്ത് ഓടിച്ചും, കണ്ടത്തിലും വരമ്പത്തും മാവിൻ ചുവട്ടിലും കശുമാവിൻ തോപ്പിലും കൂട്ടുകാരോടൊപ്പം കളിച്ചും രസിച്ചും ചെലവിട്ട സ്കൂൾ അവധിക്കാലം.

ഇന്നത്തെപ്പോലെ അന്ന് വീട്ടിനുള്ളിൽ ആഘോഷിക്കാൻ ടെലിവിഷനോ മൊബൈൽ ഫോണോ, എന്തിനധികം കറൻ്റ് പോലുമോ ഇല്ലാതിരുന്ന കാലം. വികസനം എത്തിനോക്കാൻ തുടങ്ങിയിട്ടില്ലാത്ത എൻ്റെ പഴയ കേളോത്ത് നാട്. അന്നേ ദിവസം, കാലത്ത് പതിവുപോലെ മേയ്മാസത്തിലെ ചൂടിൽ, കാറ്റത്ത് പഴുത്ത് വീഴുന്ന പഞ്ചാര മാങ്ങകൾ പെറുക്കുന്നതിനായി മീത്തലെ വളപ്പിൽ കൊട്ടയുമായി ഞാൻ കാത്തുനിന്നിരുന്ന സമയം.

പെട്ടെന്നാണ് തൊട്ടപ്പുറത്തെ കമ്മൂട്ടിൽ നിന്നും ആരൊക്കെയോ ധൃതിയിൽ ഓടിവരുന്നത് കണ്ടത്. പഴുത്ത മാങ്ങകൾ വീണത് പെറുക്കാൻ ഓടി വരുന്നതായിരിക്കുമോ എന്ന് സംശയിച്ചു. അവർ നിർത്താതെ, താഴെ റോഡിൽ പാലത്തിൻ്റെടുത്ത് ബസ് സ്റ്റോപ്പ് ഭാഗത്തേക്ക് ധൃതിയിൽ ഓടുകയാണ്. ഓട്ടത്തിനിടയിൽ ഒരാൾ വിളിച്ചു പറഞ്ഞു.

“നീ അറിഞ്ഞിറ്റേ.. വണ്ണാത്തൻ വീട്ടിലെ പോലീസ് രാഘവേട്ടൻ പോയീന്ന്. കുണിയേല് വെച്ച്
ആക്സിഡന്റ് ആയതാണത്രെ” കേട്ട പാടെ കൈയ്യിലുള്ള മാങ്ങകൊട്ട താഴെയിട്ട് അവരോടൊപ്പം ഓടി പാലത്തിനടുത്ത് ബസ് സ്റ്റോപ്പിലും പീടികയ്ക്ക് അടുത്തും ആളുകൾ കൂട്ടം കൂടി നില്ക്കുന്നു. ഒരു നീലപോലീസ് ജീപ്പ് റോഡ് സൈഡിൽ നിർത്തിയിട്ടുണ്ട്. ഏതോ പോലീസുകാർ മുതിർന്നവരോട് എന്തോ സംസാരിക്കുന്നു.

കേട്ടത് സത്യമാണ്. കുണിയയിൽ വെച്ച് ഇന്ന് രാവിലെ ജീപ്പ് ആക്സിഡന്റ് ആയി. പോലീസ് രാഘവേട്ടൻ
മരിച്ചുപോയി. ആരൊക്കെയോ അങ്ങോട്ട് പോയിട്ടുണ്ട്ന്ന്. വാർത്തയുടെ ഞെട്ടലിൽ പാലത്തിൻ്റെ കൈവരി മുറുകെ പിടിച്ച് വിറങ്ങലിച്ച് നിന്നു.

ഞങ്ങൾ കേളോത്ത്കാർക്ക് കേവലമൊരു മരണവാർത്ത ആയിരുന്നില്ല അത്. നാട്ടിലെ എല്ലാവർക്കും ഏറെ പ്രിയങ്കരനായ രാഘവേട്ടൻ എന്ന പോലീസുകാരൻ്റെ, ഒരിക്കൽ പോലും ഉൾക്കൊള്ളാനാവാത്ത ദേഹവിയോഗം. ക്യത്യനിർവ്വഹണത്തിൻ്റെ ഇടയിൽ അപ്രതീക്ഷിതമായി കടന്നു വന്ന ദുരന്ത വാർത്തയിൽ പാവപ്പെട്ട കുടുംബത്തോടൊപ്പം കേളോത്ത് നാടും ഒന്നടങ്കം നടുങ്ങി.

ബാല്യഹൃദയത്തിലാണ് ഇത്തരം വാർത്തകൾ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കാറ്. അതു കൊണ്ടാവും,
പതിമൂന്ന് വയസ്സിൽ കണ്ട ആ ദുരന്തദിനത്തിൻ്റെ കറുത്ത ഓർമ്മകൾ ഒരിക്കലും മായാതെ, നീണ്ട മുപ്പത്തിമൂന്ന് വർഷത്തിന് ശേഷവും മനസ്സിൻ്റെ കോണിൽ ഒരു തീക്കനലെന്നപോലെ കെട്ടടങ്ങാതെ ഇന്നും ബാക്കി നില്ക്കുന്നത്. വർഷങ്ങൾക്ക് ശേഷം, പോലീസ് സർവ്വീസിൽ കയറി, പരിശീലനത്തിൻ്റെ
സമയത്തൊക്കെ പരേഡ് ഗ്രൗണ്ടിലും പോലീസ് രാഘവേട്ടൻ്റെ പഴയ ഓർമ്മകൾ ബ്യൂഗിൾ ശബ്ദത്തിനൊപ്പം കാതിലൊരു തരംഗമായി തീരാറുണ്ടായിരുന്നു.

യാദൃശ്ചികമോ വിധിയുടെ നിയോഗമോ എന്നറിയില്ല. വർഷങ്ങൾക്ക് ശേഷം ബേഡകം സ്റ്റേഷൻ
ചുമതലയിലെത്തി, ഇവിടുത്തെ പഴയൊരു പോലീസുകാരനായ സ്വന്തം നാട്ടുകാരനെ പറ്റി ഓർമ്മിച്ചപ്പോൾ, എന്തുവിവരവും വാർത്തയും വിരൽ തുമ്പിൽ ലഭ്യമാകുന്ന ഈ ആധുനിക കാലത്ത്, കാലയവനികക്കുള്ളിൽ മറഞ്ഞു പോയെങ്കിലും കഠിനാധ്വാനിയും കുടുംബ സ്നേഹിയും ആയിരുന്ന ഞാൻ കണ്ട, ആ നല്ല മനുഷ്യനെകുറിച്ച് പുതിയ തലമുറ ഓർക്കണം, ഇങ്ങനെയൊരാൾ നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നു എന്നതിനെ കുറിച്ച് ആരും അറിയാതെ പോകരുത് എന്ന് തോന്നിയത് കൊണ്ടാണ് ഇത് കുറിക്കുന്നത്.

അന്ന് രാഘവേട്ടൻ ബേഡകം പോലീസ് സ്റ്റേഷനിൽ പോലീസ് കോൺസ്റ്റബിൾ ആയിരുന്നു.
1982ൽ സർവ്വീസിൽ കയറിയ അദ്ദേഹം തൃശൂർ രാമവർമ്മപുരത്തെ പാസിംഗ് ഔട്ട് പരേഡിന് ശേഷം കണ്ണൂർ AR ക്യാമ്പിൽ എത്തി, പിന്നീട് 1985ൽ പുതിയ കാസർഗോഡ് ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടി ബേഡകം സ്റ്റേഷനിൽ എത്തിയതായിരുന്നു. കേവലം അഞ്ച് വർഷം മാത്രമാണ് അദ്ദേഹത്തിന് കാക്കിയിടാൻ സാധിച്ചത്.

അനധികൃതമായി കടത്തിയതിന് പോലീസ് പിടികൂടിയ കശുവണ്ടിയും ജീപ്പും ഹൊസ്ദുർഗ് കോടതിലേക്ക് എത്തിക്കുന്നതിന് എസ്കോർട്ട് ചെയ്ത് പോകുന്ന വഴിയാണ് കുണിയയിൽ വെച്ച് നിയന്ത്രണം വിട്ട് കശുവണ്ടി കയറ്റിയ സ്വകാര്യ ജീപ്പ് അപകടത്തിൽ പെട്ട് അദ്ദേഹം മരണപ്പെട്ടത്..! അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം നാടിന് താങ്ങാൻ പറ്റുന്നതായിരുന്നില്ല. പൊട്ടിക്കരയുന്ന സുഹൃത്തുക്കളെയും ബോധമില്ലാെതെ കിടക്കുന്ന സഹോദരങ്ങളെയും, വിതുമ്പലടക്കാൻ പാടുപെടുന്ന സഹപ്രവർത്തകരായ പോലീസുകാരെയും
ഇന്നലെ എന്നപോലെ ഓർത്തു പോകുന്നു.

അന്ന് പോലീസ് സേന എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി നല്കിയ ഫ്യൂനറൽ പരേഡിൻ്റെ ബ്യൂഗിൾ ശബ്ദവും ലാസ്റ്റ് പോസ്റ്റിലെ ഫയറിംഗ് ഒച്ചയും ഇന്നും കാതിൽ മുഴങ്ങുന്നു. കേളോത്ത് അന്നുവരെ കാണാത്ത ജനക്കൂട്ടവും, പോലീസ് വാഹനങ്ങളുടെ നീണ്ടനിരയും ദേശീയപാതയോരത്ത് നിർത്തിയിട്ടത് മറക്കാത്ത കാഴ്ചയായി ഇന്നും മനസിൽ തെളിയുന്നു. ഓരോ മെയ് 5 കടന്നു വരുമ്പോഴും ഈയൊരു സംഭവം ഓർമ്മയിലേക്ക് ഓടിയെത്തും.

ശേഷമുള്ള ദിവസങ്ങളിൽ നാടിൻ്റെ കളി ചിരികൾ എല്ലാം കവർന്നെടുത്തു ഈ ദാരുണസംഭവം.!
പിറ്റേന്നത്തെ പത്രവാർത്തയിൽ കണ്ട രാഘവേട്ടൻ്റെ ചിത്രം, പിന്നീടെപ്പോഴോ ഞാൻ വലുതാക്കി വരച്ചത്
കണ്ട കൂട്ടുകാർ, “അതേപോലെ ഉണ്ട്” എന്ന് പറഞ്ഞ് എന്നോട് വാങ്ങിക്കൊണ്ടുപോയി എല്ലാവരെയും കാണിച്ചതും പലരുമത് കണ്ട് നെടുവീർപ്പിടുന്നതും ഇന്നലെ എന്നത് പോലെ ഓർക്കുന്നു.

കാലചക്രം കറങ്ങി വരവെ, 1999 ൽ ഞാൻ കേരള പോലീസിൽ ചേർന്ന കാലം മുതൽ, ഓരോ വർഷവും ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അനുസ്മരിക്കുന്ന ചടങ്ങിൽ (കമെമ്മോറേഷൻ ഡേ) മരണപ്പെട്ടവരുടെ പേരുകൾ വായിച്ചു കേൾക്കുമ്പോൾ, നിശ്ശബ്ദഓർമ്മയായി PC274 രാഘവൻ. വി എന്ന പോലീസുകാരൻ്റെ പേരും എൻ്റെ മനസ്സിൽ മുഴങ്ങാറുണ്ട്.

കഴിഞ്ഞ വർഷം തൃശൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നിന്ന് കാസർഗോഡ് ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ ഉത്തരവിൽ, പോലീസ് സ്റ്റേഷൻ്റെ പേര് ബേഡകം എന്ന് കണ്ടപ്പോൾ ആദ്യം ഓർമ്മിച്ചതും രാഘവേട്ടൻ്റെ പഴയ പോലീസ് സ്റ്റേഷൻ എന്നതായിരുന്നു. രാഘവേട്ടനെ ഓർക്കുമ്പോൾ അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട കുടുംബത്തെ എങ്ങനെ മറക്കാൻ പറ്റും?

ഈയൊരു ദുർവിധിക്ക് ശേഷം കുടുംബത്തിൻ്റെ ഐശ്വര്യ വിളക്ക് അണഞ്ഞു പോയി എന്നു തന്നെ പറയാം. വറ്റാത്ത സ്നേഹത്തിൻ്റെ ഉടമയായ, എല്ലാവരുടെയും മൂത്ത ഏട്ടൻ സഹോദരങ്ങൾക്ക് എന്നും കരുത്തും ബലവുമായിരുന്നു. ഒരു ഏട്ടൻ്റെ വാത്സല്യത്തിനും കരുതലിനും അപ്പുറം സഹോദരിമാർക്കും അനിയൻമാർക്കും എന്നും പ്രിയപ്പെട്ട ഒരു സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. രാഘവേട്ടൻ്റെ വയോധികനായ അഛൻ, മകനെയും അവൻ്റെ പോലീസിലെ ജോലിയെയും പറ്റിയും പീടികയിലെ ബെഞ്ചിലിരുന്ന് അഭിമാനത്തോടെ പറയാറുള്ളത് കേൾക്കാൻ മറ്റുള്ളവർക്കൊപ്പം കുട്ടികളായ ഞങ്ങൾക്കും ആവേശമായിരുന്നു. മകൻ്റെ ആകസ്മിക വിയോഗത്തിൽ സ്വപ്നങ്ങൾ എല്ലാം തകർന്നു പോയ ആ പാവം അഛൻ, പിന്നീട് ആരോടും ഒന്നും മിണ്ടാറേയില്ലായിരുന്നു. റോഡിലൂടെ പോലീസ് വാഹനങ്ങൾ കടന്നു പോകുമ്പോൾ പെട്ടെന്ന് എണീറ്റ് നിന്ന് ദീർഘനേരം വാഹനങ്ങളെ നോക്കിനിന്ന് നെടുവീർപ്പിടുന്ന, കാഴ്ചയിൽ നിന്നും മറയും വരെ അകലങ്ങളിലേക്ക് മിഴി പായിച്ച് നിസ്സഹായതയോടെ ഇറങ്ങി നടന്നു പോകുന്ന വന്ദ്യവയോധികനായ, ആ അഛൻ്റെ നൊമ്പരപ്പെടുത്തുന്ന ചിത്രം ഇന്നും ഒരു വിങ്ങലായി മനസിലുണ്ട്.

പോലീസിൽ ജോലി കിട്ടിയ ഞാൻ ഒരിക്കൽ രാഘവേട്ടൻ്റെ അമ്മയെ കാണാൻ പോയപ്പോൾ, എന്നും ഒരുപാട് വിശേഷങ്ങൾ ചോദിച്ച് നിർത്താതെ വർത്തമാനം പറയാറുണ്ടായിരുന്ന നാട്ടുമ്പുറത്തുകാരിയായ ആ പാവം അമ്മ, ഒരു പോലീസുകാരനായ എൻ്റെ കൈചേർത്ത് പിടിച്ച്, ഒന്നും മിണ്ടാതെ മകൻ്റെ ഓർമ്മകളാൽ നിർത്താതെ വിതുമ്പിയത്, പിന്നീട് എൻ്റെ ഒരുപാട് കാലത്തെ ഉറക്കം കെടുത്തിയിട്ടുണ്ട്.

ആദ്യകാലത്ത് ജോലി തേടി അലഞ്ഞ് കണ്ണൂർ ജില്ലയിലെ മട്ടന്നൂരുവരെ എത്തി, ഇഷ്ടപ്പെട്ട ഒരു പാവപ്പെട്ട പെൺകുട്ടിയെ ജീവിത സഖിയാക്കി നാട്ടിലേക്ക് കൂട്ടികൊണ്ടു വന്ന നല്ലൊരു ഭർത്താവ് കൂടിയായിരുന്നു അദ്ദേഹം. കഷ്ടപ്പാടുകൾക്കും പ്രാരാബ്ധങ്ങൾക്കും ഇടയിൽ പഠിച്ച് പോലീസ് ജോലി നേടിയെടുത്തപ്പോഴും കുടുംബത്തെയും സഹോദരങ്ങളെയും തൻ്റെ കരുത്തുറ്റ ചിറകിന് കീഴിൽ സുരക്ഷിതരാക്കാൻ ശ്രമിച്ച വീട്ടുകാരുടെ അഭിമാനമായിരുന്നു അദ്ദേഹം. കുട്ടികൾക്ക് പൊതുവേ പോലീസുകാരെ പേടിയാണെങ്കിലും
നാട്ടിലെ കുട്ടികൾക്ക് അദ്ദേഹം വലിയൊരു ഉപകാരിയായിരുന്നു. ഇംഗ്ലീഷിലും മറ്റും വരുന്ന എഴുത്തുകൾ വായിച്ചു മനസിലാക്കി കൊടുത്തും പൊതു വിജ്ഞാനത്തിലെ സംശയങ്ങൾ തീർത്തു കൊടുത്തും, അതുവരെ കാഞ്ഞങ്ങാടിനപ്പുറം കാണാതിരുന്ന നാട്ടുകാർക്ക് പുറം ലോകത്തെ പറ്റി വിവരിച്ചു തരാറുള്ള, അറിവിൻ്റെ വലിയൊരു ശേഖരമായിരുന്നു അദ്ദേഹം.

കാണുമ്പോഴൊക്കെ”എന്തടാ മക്കളേ” എന്ന് ചോദിച്ച് സൗമ്യമായി പുറത്ത് തട്ടി, ചിരിച്ച് കൊണ്ട് ഉത്സാഹത്തോടെ നടന്നു പോകുന്ന, കട്ടി മീശയും കരുത്തുറ്റ ശരീരവുമുള്ള വെളുത്ത് മെലിഞ്ഞ് നീണ്ട സുന്ദരനായ ആ ചെറുപ്പക്കാരനെ ഞങ്ങൾ കുട്ടികൾക്ക് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിൻ്റെ ചുറുചുറുക്കോടെയുള്ള പോലീസ് നടത്തം കാണുമ്പോൾ ആൺകുട്ടികളായ ഞങ്ങൾക്കും വലുതാകുമ്പോൾ പോലീസാകണമെന്ന ആഗ്രഹം തോന്നിയിരിക്കണം.

നാട്ടിലുള്ളപ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് വന്ന് അഛനോടും അമ്മയോടും വിശേഷങ്ങൾ പങ്കിട്ട്, വീട്ടിലെ കിണറിലെ പഴയ ഏത്താംകൊട്ടയിൽ നിന്ന് വെള്ളം കോരിക്കുളിക്കുവാൻ സ്ഥിരമായി എത്താറുണ്ടായിരുന്ന അദ്ദേഹത്തെ ആദരവോടെ ഞാൻ നോക്കി നില്ക്കുമായിരുന്നു.

പഴയ കാലത്തെ കല്യാണ വീടുകളിലും ആഘോഷരാവുകളിലും, നാട്ടുകാർക്ക് അപരിചിതമായ നാഷണൽ പാനാ സോണിക്ക് ടേപ്പ് റെക്കോർഡറുമായി വന്ന് നല്ല പാട്ടുകൾ കേൾപ്പിക്കാറുള്ള സഹൃദയൻ. അയ്യപ്പ ഭജനയ്ക്കും മറ്റും പാട്ടുകൾ പാടുമ്പോൾ അത് റെക്കോർഡ് ചെയ്ത് കേൾപ്പിച്ച്, “നീ പാടിയ പാട്ട് നന്നായിട്ടുണ്ട്ട്ടാ” എന്ന് പ്രോത്സാഹിപ്പിക്കുമായിരുന്നു അദ്ദേഹം. നാട് വളരെ പിന്നോക്കം നിന്നിരുന്ന ആ കാലത്ത് നാട്ടിലെ ഏത് കാര്യത്തിനും ഇടപെട്ട് നാടിൻ്റെ വികസനത്തിനായി മുൻപന്തിയിൽ നിന്ന നല്ലൊരു മനഷ്യസ്നേഹി.
നാട്ടിൽ വൈദ്യുതി എത്തിക്കാനും പുതിയ റോഡുകൾ ഉണ്ടാക്കാനും നേതൃത്വം വഹിച്ച ആളുകളിൽ ഒരാൾ.
ജാതിയോ മതമോ പ്രായമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ സ്നേഹബന്ധങ്ങൾക്ക് വില കല്പിച്ച് നാട്ടുകാരുമായും അയൽവാസികളുമായും സൗഹൃദം പങ്കിട്ട് വലിയൊരു സുഹൃത്ത് വലയം കാത്തു സൂക്ഷിച്ചിരുന്നു അദ്ദേഹം. കൂട്ടുകാർക്ക് ഏറ്റവും നല്ല ഒരു സ്നേഹിതനെക്കാൾ, ഒരു സഹോദരനെപ്പോലെ ആയിരുന്നു രാഘവൻ എന്ന് അദ്ദേഹത്തിൻ്റെ സമപ്രായക്കാരായ പഴയ സുഹൃത്തുക്കളും ഇന്നും
ഓർമ്മിക്കുന്നു.

ഇങ്ങനെയൊരു ദുരന്തം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നാടിൻ്റെ ചരിത്രത്തിൽ, രാഘവേട്ടൻ
എന്നും അറിയപ്പെടുന്ന നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ ആയി മാറിയേനെ. തൻ്റെ ജീവൻ്റെ ജീവനായ, ഒന്നിലും രണ്ടിലും പഠിക്കുന്ന, പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൈയ്യിലേല്പിച്ച്, ഒരു ദിവസം ഒന്നും പറയാതെ പ്രിയതമൻ പെട്ടെന്ന് വിധിയുടെ കാണാപ്പുറത്തേക്ക് മാഞ്ഞുപോയപ്പോൾ, അന്യനാട്ടിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച് ഭർത്താവിൻ്റെ വീട്ടിലെത്തിയ സഹധർമ്മിണിക്ക്, മുന്നോട്ടുള്ള ജീവിതം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായപ്പോൾ, മക്കളെ പഠിപ്പിക്കുന്നതിനും ഭർത്താവിന്റെ കുടുംബത്തിന് താങ്ങാവുന്നതിനുമായി ആശ്രിത നിയമനത്തിൽ കിട്ടിയ ജോലിയിലൂടെ പിന്നീട് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. മക്കൾ വളർന്ന് ഒരാൾ പ്രവാസ ലോകത്തും മറ്റൊരാൾ അതിർത്തി രക്ഷാ സേനയിലും എത്തിപ്പെട്ടു.

ഇപ്പോൾ ഭർത്താവിൻ്റെ സ്വപ്നങ്ങൾ ഉറങ്ങുന്ന വീട്ടിൽ മക്കളോടൊപ്പം വിശ്രമജീവിതം നയിക്കുന്ന അവർ, ഞാൻ ബേഡകം സ്റ്റേഷനിൽ എത്തിയതറിഞ്ഞ് മക്കളെയും കൂട്ടി രാഘവേട്ടൻ്റെ പഴയ പോലീസ് സ്റ്റേഷൻ കാണാൻ വന്നത്, ആ അമ്മയും മക്കളും, കാലങ്ങൾ ഇത്രയൊക്കെ കഴിഞ്ഞിട്ടും, തങ്ങളുടെ സ്നേഹ നിധിയായ അഛനെ, മുപ്പത്തി രണ്ടാമത്തെ വയസിൽ ജീവിത സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഇട്ടിട്ട് പോകേണ്ടി വന്ന പ്രിയതമനെ, ഈ ജീവിത സായന്തനത്തിലും എത്രമാത്രം മിസ് ചെയ്യുന്നു എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.

രാഘവേട്ടൻ്റെ അനിയൻമാർ എനിക്ക് സ്വന്തം ജ്യേഷ്ഠ സഹോദരൻമാരെ പോലെയാണ്. ഇന്നും തങ്ങളുടെ ഏട്ടൻ്റെ ഛായാചിത്രത്തിൻ്റെ മുന്നിൽ തൊഴുത്, കർമ്മ മേഖലയിലേക്ക് പോകുന്ന ആ സഹോദരൻമാർക്ക് ഏട്ടന്റെ ഓർമ്മകൾ പോലും ജീവിത പരീക്ഷണത്തിൽ ബലവും ആത്മവിശ്വാസവും പകരുന്നതാണ് എന്ന് മനസിലാവുന്നു. പ്രിയപ്പെട്ട ഏട്ടൻ എന്നും ഒരു അദൃശ്യ സാന്നിധ്യമായി കുടുംബത്തോടൊപ്പം ഉണ്ടെന്നത് ഒരു ജീവിതകാലം മുഴുവൻ ഏട്ടനെയോർത്ത് കണ്ണീര് വാർത്ത സഹോദരിമാർക്കും ധൈര്യമേകുന്നുണ്ടാവാം.

വർഷങ്ങൾക്കിപ്പുറം, ബേഡകം പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായി ആദ്യമായി ചുമതലയിൽ എത്തിയപ്പോൾ, ഞാൻ കേളോത്ത് സ്വദേശിയാണ് എന്നറിഞ്ഞവർ, സാറ്, പഴയ രാഘവൻ പോലീസിന്റെ നാട്ടുകാരനാണോ എന്ന് ഇങ്ങോട്ട് ചോദിക്കുമ്പോൾ, ബേഡകത്തെ ആളുകൾ ആ പഴയ പോലീസുകാരനെയും അദ്ദേഹത്തിൻ്റെ നാടും ഇന്നും മറന്നിട്ടില്ല എന്നത്, ജോലിയോട് ആത്മാർത്ഥ പുലർത്തിയ ഒരു പോലീസുകാരൻ്റെ നാട്ടുകാരനാണല്ലോ ഞാനും എന്നതിൽ ശരിക്കും അഭിമാനം തോന്നിയിരുന്നു.

സ്റ്റേഷൻ ചുമതലയുള്ള മേലുദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, ഡ്യൂട്ടി റെസ്റ്റിൽ ആയിട്ടുപോലും, യാതൊരു മടിയും കൂടാതെ സ്റ്റേഷനിൽ എത്തി, കോടതിയിൽ ഹാജരാക്കേണ്ട തൊണ്ടിമുതലുമായി പുറപ്പെട്ട്, നിർഭാഗ്യവശാൽ വിധിയുടെ കാണാപ്പുറത്തേക്ക് “നെഞ്ച് വിരിച്ച് മാർച്ച് ചെയ്ത് മറഞ്ഞ് പോയ” ആ നല്ല പോലീസ്കാരൻ്റെ ഇനിയും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി പൂക്കൾ അർപ്പിക്കുന്നതോടൊപ്പം ഹൃദയത്തിൽ നിന്നും
നല്കുന്നു.”ഒരു ബിഗ്സല്യൂട്ട്”

Uthamdas T
Inspector of Police & Station House Officer, Bedakam Police Station

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest