Categories
articles entertainment international sports

നിരാശയുടെ ചരിത്രം ഖത്തറില്‍ മാറ്റിയെഴുതാന്‍; ആഫ്രിക്ക വരുന്നു, പ്രതീക്ഷയിലാണ് ആഫ്രിക്കന്‍ കാല്‍പന്ത് ആരാധകര്‍

പ്രതീക്ഷയിലാണ് ആഫ്രിക്കന്‍ കാല്‍പന്ത് ആരാധകര്‍

ഓരോ ലോകകപ്പ് എത്തുേമ്പോഴും അവര്‍ പ്രതീക്ഷയോടെ വരും. കളിക്കളത്തിലും പുറത്തും ഓളങ്ങള്‍ സൃഷ്ടിക്കും. ആരാധകഹൃദയങ്ങളും കീഴടക്കും. വമ്പന്‍ ടീമുകളുടെ സ്വപ്നങ്ങളെ തരിപ്പണമാക്കും. അവസാനം വെറും കൈയോടെ മടങ്ങും. പ്രതിഭയും കരുത്തും ആവോളമുണ്ടെങ്കിലും ഫുട്ബാള്‍ ലോകകപ്പിെൻ്റെ വേദികളില്‍ എന്നും നിരാശയോടെ മടങ്ങാനായിരുന്നു ആഫ്രിക്കന്‍ രാജ്യങ്ങളുടെ വിധി. 1934ല്‍ രണ്ടാം ലോകകപ്പ് മുതല്‍ ആഫ്രിക്ക ലോകകപ്പില്‍ സാന്നിധ്യമാകുന്നു ഉണ്ടെങ്കിലും അവസാന നാലിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

2014ല്‍ ജര്‍മനിയും 2018ല്‍ ഫ്രാന്‍സും ലോകകപ്പ് നേടിയപ്പോള്‍ കുടിയേറ്റ താരങ്ങളുടെ സാന്നിധ്യത്താല്‍ അത് തങ്ങളുടേതുകൂടിയാണെന്ന ചിന്ത ആഫ്രിക്കന്‍ ആരാധകര്‍ക്കും ഉണ്ടായതൊഴിച്ചാല്‍, യൂറോപ്പിെൻ്റെയും ലാറ്റിനമേരിക്കയുടെയും തന്ത്രങ്ങള്‍ക്കും സൗന്ദര്യത്തിനും മുന്നില്‍ കീഴടങ്ങാനായിരുന്നു ആഫ്രിക്കന്‍ രാജ്യങ്ങളുടെ വിധി.

2014, 18 ലോകകപ്പുകളിലെ നിരാശജനകമായ പ്രകടനത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒരുക്കം. പശ്ചിമേഷ്യയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ഖത്തര്‍ ലോകകപ്പില്‍ തങ്ങളുടെ നിര്‍ഭാഗ്യത്തിനും അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഫ്രിക്കന്‍ കാല്‍പന്ത് ആരാധകര്‍.

1934ല്‍ തുടക്കം; 66ലെ ബഹിഷ്കരണം; 2010ലെ ഘാനയുടെ ഹൃദയഭേദകമായ മടക്കം

റോജര്‍ മില്ലയുടെ വര്‍ണ പ്രകടനവും മുഹമ്മദ് സലാഹിെന്‍റ പരിക്കും പാപ ദിയൂഫിെൻ്റെ ഗോളും മൊറോക്കോയുടെയും അല്‍ജീരിയയുടെയും അപ്രതീക്ഷിത മുന്നേറ്റങ്ങളും ലൂയി സുവാരസിെന്‍റ കൈകൊണ്ട് തടയലും എല്ലാമായി ലോകകപ്പുകളില്‍ ആഫ്രിക്ക രേഖപ്പെടുത്തിയതെല്ലാം സംഭവ ബഹുലമായിരുന്നു. വലിയ പ്രതീക്ഷകളോടെ കളത്തിലിറങ്ങിയ നൈജീരിയയും ഐവറി കോസ്റ്റും ഇൗജിപ്തുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ സെനഗാളും ഘാനയുമാണ് പ്രതീക്ഷകള്‍ അല്‍പമെങ്കിലും നിലനിര്‍ത്തിയത്. വമ്ബന്‍ ടീമുകള്‍ക്ക് തോല്‍പിക്കാന്‍ മാത്രമായി ലോകകപ്പിന് എത്തിയിരുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 2002ല്‍ ദക്ഷിണ കൊറിയ സെമിയിലെത്തിയപ്പോള്‍ ജപ്പാനും ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു. എന്നാല്‍, അവസാന നാലിലേക്കുള്ള കടമ്ബയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് കാലിടറുകയാണ് പതിവ്.

1934 ലോകകപ്പിലെ ഈജിപ്ത് ടീം

1934ല്‍ ഇറ്റലി ആതിഥേയത്വം വഹിച്ച ലോകകപ്പിലായിരുന്നു ആദ്യമായി ആഫ്രിക്കന്‍ ടീം പെങ്കടുത്തത്. വന്‍കരയെ പ്രതിനിധാനം ചെയ്തെത്തിയ ഈജിപ്ത് പ്രാഥമിക റൗണ്ടില്‍തന്നെ ഹംഗറിയോട് 4-2ന് തോറ്റു പുറത്തായെങ്കിലും അബ്ദുറഹ്മാന്‍ ഫൗസി ഇരട്ടഗോള്‍ സ്വന്തമാക്കി ലോകകപ്പ് വലയില്‍ ആദ്യമായി ആഫ്രിക്കന്‍ സാന്നിധ്യം അറിയിച്ചു. 1966ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒത്തൊരുമ കളിക്കളത്തിന് പുറത്താണ് ദൃശ്യമായത്. ആഫ്രിക്കക്കും ഏഷ്യക്കുമായി ഒരു സ്ഥാനം മാത്രം നല്‍കിയ ഫിഫ നിലപാടില്‍ പ്രതിഷേധിച്ച്‌ ലോകകപ്പില്‍നിന്ന് വിട്ടുനിന്നാണ് ആഫ്രിക്ക കരുത്തുകാണിച്ചത്.

ആഫ്രിക്കയുടെ ഇൗ പ്രതിഷേധം പിന്നീടുള്ള ലോകകപ്പുകളില്‍ ഏഷ്യ, ആഫ്രിക്ക വന്‍കരകള്‍ക്ക് കൂടുതല്‍ സ്ഥാനം നല്‍കുന്നതില്‍ നിര്‍ണായകമായി. 1957ല്‍ രൂപവത്കരിച്ച കോണ്‍ഫെഡറേഷന്‍ ഒാഫ് ആഫ്രിക്കന്‍ ഫുട്ബാള്‍ ആണ് ഇൗ ഒത്തൊരുമ സാധ്യമാക്കിയത്. ഒരു ആഫ്രിക്കന്‍ രാജ്യം ആദ്യമായി ലോകകപ്പില്‍ വിജയം കണ്ടത് 1978ലാണ്. മെക്സികോയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി തുനീഷ്യയായിരുന്നു അനുപമമായ നേട്ടം പേരിലാക്കിയത്. 1982ല്‍ പശ്ചിമ ജര്‍മനിയെയും ചിലിയെയും തോല്‍പിച്ച്‌ അല്‍ജീരിയ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലായതോടെ ഗ്രൂപ് ഘട്ടം മറികടക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന സ്വപ്നം അകന്നുപോയി.

2018 ലോകകപ്പില്‍ പോളണ്ടിനെ പരാജയപ്പെടുത്തിയശേഷം വിജയനൃത്തം ചവിട്ടുന്ന സെനഗാള്‍ താരങ്ങള്‍

മറഡോണ നിറഞ്ഞാടിയ 1986 ലോകകപ്പിലാണ് ആഫ്രിക്കന്‍ രാജ്യം ആദ്യമായി പ്രാഥമിക റൗണ്ട് പിന്നിടുന്നത്. ഇംഗ്ലണ്ട്, പോര്‍ചുഗല്‍, പോളണ്ട് എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ജേതാക്കളായി മൊറോക്കോ ലോകത്തെ ഞെട്ടിച്ചു. എന്നാല്‍, ആഘോഷം അധികം നീണ്ടില്ല. പശ്ചിമ ജര്‍മനിയോട് തോറ്റു പുറത്താകാനായിരുന്നു വിധി. 1990 ലോകകപ്പാണ് ആഫ്രിക്കന്‍ ഫുട്ബാളിെന്‍റ സൗന്ദര്യം ലോകം മുഴുവന്‍ പ്രസരിപ്പിച്ചത്. റോജര്‍ മില്ല എന്ന ഇതിഹാസതാരത്തിെന്‍റ ചിറകിലേറി കാമറൂണ്‍ കുതിച്ചപ്പോള്‍ അത് കാല്‍പന്ത് താളുകളില്‍ സുവര്‍ണ ഏടുകളായി. നാലു ഗോളടിച്ച റോജര്‍ മില്ല എന്ന 38കാരന്‍ വിസ്മയിപ്പിച്ചെങ്കിലും ക്വാര്‍ട്ടറില്‍ കാമറൂണിന് കാലിടറി.

2002ല്‍ ഏഷ്യ ആദ്യമായി ആതിഥ്യം വഹിച്ച ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ വീഴ്ത്തിയാണ് സെനഗാള്‍ തുടങ്ങിയത്. പ്രീക്വാര്‍ട്ടറില്‍ സ്വീഡനെയും തകര്‍ത്ത് പാപ ദിയൂഫും കാമറയും എല്‍ഹാജി ദിയൂഫും ഉള്‍ക്കൊള്ളുന്ന ടീം മുന്നേറിയെങ്കിലും ക്വാര്‍ട്ടറില്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ തുര്‍ക്കിയോട് പരാജയപ്പെട്ട് മടങ്ങേണ്ടിവന്നു. ഫുട്ബാള്‍ ലോകത്തിെൻ്റെ ഹൃദയം കീഴടക്കിയായിരുന്നു സെനഗാള്‍ ഏഷ്യയില്‍ നിന്ന് മടങ്ങിയത്. ആഫ്രിക്കയിലേക്ക് ആദ്യമായി ലോകകപ്പ് വിരുന്നിനെത്തിയ 2010ല്‍ ഘാന സെമിയിലെത്തുമെന്ന് വിശ്വസിച്ചുവെങ്കിലും യുറഗ്വായ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അധിക സമയത്തിെൻ്റെ അവസാന നിമിഷത്തില്‍ ലൂയി സുവാരസിെന്‍റ കൈകൊണ്ടുള്ള ഗോള്‍ തടയലും ഇതിന് ലഭിച്ച പെനാല്‍റ്റി അസമാവോ ഗ്യാന്‍ നഷ്ടപ്പെടുത്തിയതും ഘാനയുടെ വഴിയടച്ചു. ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍നിന്ന് ഗ്യാനിേന്‍റതും കൂട്ടരുടേതും കണ്ണീര്‍മടക്കമായിരുന്നു. 2014, 18 ലോകകപ്പുകളില്‍ അഞ്ചുവീതം ആഫ്രിക്കന്‍ ടീമുകള്‍ അണിനിരന്നെങ്കിലും ആര്‍ക്കും പ്രാഥമിക ഘട്ടം കടക്കാനായില്ല.

ഓരോ ലോകകപ്പിലും അമ്പരപ്പിക്കുന്ന വിജയവും ഞെട്ടിക്കുന്ന തോല്‍വിയും എല്ലാം സ്വന്തമാക്കി മടങ്ങുന്ന ആഫ്രിക്കന്‍ ടീമുകള്‍ക്ക് ‘അട്ടിമറിക്കാര്‍’, ‘വഴിമുടക്കികള്‍’ എന്നീ പേരുകളാണ് സാധാരണ നല്‍കാറുള്ളത്. അതല്ലെങ്കില്‍ കറുത്ത കുതിരകളെന്ന് വിശേഷിപ്പിക്കും. ലോകത്തെ ഏറ്റവും മികച്ച ടീമുകള്‍ക്കൊപ്പം നില്‍ക്കാനുള്ള പ്രതിഭ സാന്നിധ്യം മിക്കവാറും ആഫ്രിക്കന്‍ ടീമുകളിലുണ്ട്. ആഫ്രിക്കയില്‍ നിന്ന് കുടിയേറിയവരുടെ പിന്‍തലമുറയാണ് കഴിഞ്ഞ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ ബഹുഭൂരിഭാഗം പൊസിഷനുകളിലും കളിച്ചത് എന്നതു മാത്രം മതി ആഫ്രിക്കന്‍ പ്രതിഭകളുടെ തിളക്കം അറിയാന്‍. യൂറോപ്പ്, ലാറ്റിനമേരിക്ക, പശ്ചിമേഷ്യ ലീഗുകളില്‍ തുടങ്ങി കേരളത്തിലെ സെവന്‍സ് കളിക്കളങ്ങളില്‍വരെ ആഫ്രിക്കന്‍ സാന്നിധ്യം അനുഭവെപ്പടുന്നുണ്ട്.

2002 ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ അട്ടിമറി ആഘോഷിക്കുന്ന സെനഗല്‍ താരങ്ങള്‍

ക്ലബ് ഫുട്ബാളില്‍ തിളങ്ങിനില്‍ക്കുേമ്പോഴും രാജ്യാന്തരതലത്തിലെത്തുേമ്പോള്‍ ആഫ്രിക്കന്‍ ടീമുകള്‍ക്ക് കഴിവിനൊത്ത പ്രകടനം കാഴ്ചവെക്കാകാത്തത് ഓരോ ലോകകപ്പ് എത്തുേമ്പോഴും ചര്‍ച്ചയാണ്. പാരമ്പര്യത്തിെൻ്റെ കരുത്തും സൗന്ദര്യവും പ്രതിഭയും ഒത്തൊരുമിച്ച ലാറ്റിനമേരിക്കക്കും കളിക്കളത്തിെൻ്റെ ഓരോ ഇഞ്ചും കീറിമുറിച്ച്‌ വിശകലനം ചെയ്ത് സാേങ്കതിക നിറവോടെ എത്തുന്ന യൂറോപ്പിനും മുന്നില്‍ തനത് ശൈലിയില്‍ പ്രതിരോധം മറന്നുള്ള ആക്രമണവുമായെത്തുന്ന ആഫ്രിക്കന്‍ ടീമുകള്‍ വീഴുന്നതാണ് പതിവ് കാഴ്ച. പ്രഫഷനലിസം പൂര്‍ണമായും നടപ്പാക്കാന്‍ കഴിയാത്തതാണ് ആഫ്രിക്കന്‍ ടീമുകളുടെ കുതിപ്പിന് തടസ്സമായി ഭൂരിഭാഗം ഫുട്ബാള്‍ വിശാരദരും വിലയിരുത്തുന്നത്. ആസൂത്രണമില്ലായ്മയും അച്ചടക്ക ലംഘനവും ടെക്നിക്കല്‍ മേഖലകളില്‍ ശ്രദ്ധ നല്‍കാത്തതുമാണ് നേട്ടങ്ങളിലേക്ക് എത്താതിരിക്കാന്‍ കാരണമായി പറയപ്പെടുന്നത്.

നല്ല ഭക്ഷണവും സൗകര്യങ്ങളും പ്രതീക്ഷിച്ച്‌ തെരുവുകളിലെ കാല്‍പന്തുകളിയില്‍നിന്ന് പ്രഫഷനല്‍ കളിത്തട്ടുകളിലേക്ക് എത്തപ്പെടുന്ന പ്രതിഭകളെ മെരുക്കിയെടുക്കാനുള്ള പരിശീലകരുടെ കുറവും ലോകോത്തര പരിശീലകര്‍ ആഫ്രിക്കന്‍ ദേശീയ ടീമുകളെ ദീര്‍ഘകാലം പരിശീലിപ്പിക്കാന്‍ തയാറാകാത്തതും തിരിച്ചടിക്ക് കാരണമാകുന്നു. ഇതോടൊപ്പം യൂറോപ്യന്‍ ക്ലബുകളിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പലപ്പോഴും ദേശീയ ടീമുകള്‍ക്കൊപ്പം ഇഴുകിച്ചേരാന്‍ കൂടുതല്‍ സമയവും ലഭിക്കുന്നില്ല. ആഭ്യന്തര സംഘര്‍ഷങ്ങളും ഫുട്ബാള്‍ അസോസിയേഷനുകളിലെ തമ്മില്‍തല്ലുകളും ആഫ്രിക്കയെ പിന്നോട്ടുവലിക്കുന്നു.

ഇത്രയധികം പ്രതിസന്ധികളുെണ്ടങ്കിലും പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ ആഫ്രിക്ക മുന്നിലാണ്. യൂറോപ്യന്‍ ക്ലബുകളുടെ റിക്രൂട്ടിങ് സെന്‍ററുകള്‍ മുമ്പ് പ്രധാനമായും ലാറ്റിനമേരിക്ക ആയിരുന്നെങ്കില്‍ ഇപ്പോള്‍ ആഫ്രിക്കയിലേക്ക് കുടിയേറിയിരിക്കുന്നു. കഴിഞ്ഞ ലോകകപ്പുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഖത്തറില്‍ ആഫ്രിക്കന്‍ ഫുട്ബാള്‍ കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഖത്തറില്‍ പടയോട്ടം നടത്തുമെന്ന് എല്ലാവരാലും പ്രതീക്ഷിക്കുന്ന സെനഗാളിന് സൂപ്പര്‍ താരം സദിയോ മാനേക്ക് ഏറ്റ പരിക്ക് വല്ലാതെ അലട്ടുന്നു. കാമറൂണ്‍, മൊറോക്കോ, തുനീഷ്യ, ഘാന തുടങ്ങിയവരാണ് ആഫ്രിക്കന്‍ പതാകയേന്തുന്ന മറ്റുള്ളവര്‍.

2010 ലോകകപ്പില്‍ നിര്‍ണായക പെനല്‍റ്റി പാഴാക്കിയ ഘാനയുടെ അസമാവോ ഗ്യാനിെന്‍റ നിരാശ. സമീപത്ത് യുറുഗ്വായ് താരങ്ങള്‍ ആഘോഷിക്കുന്നതും കാണാം

ആഫ്രിക്കന്‍ കരുത്തിനെ യൂറോപ്യന്‍ പ്രഫഷനലിസത്തിലേക്ക് പരിവര്‍ത്തിപ്പിച്ചാല്‍ ഒരുപാട് കാലം കാത്തിരിക്കാതെ ലോക ഫുട്ബാളിൻ്റെ അമരത്ത് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പതാക പറക്കുമെന്നാണ് പ്രതീക്ഷ. റോജര്‍ മില്ലയുടെയും സാമുവല്‍ എറ്റുവിൻ്റെയും ദിദിയര്‍ ദ്രോഗ്ബയുടെയും പിന്മുറക്കാര്‍ ആഫ്രിക്കന്‍ വീര്യം ഉയര്‍ത്തിപ്പിടിക്കുന്നതിൻ്റെ തുടക്കം ഖത്തര്‍ 2022ല്‍ ആയിരിക്കുമോ എന്ന് കാത്തിരുന്നു കാണാം. മത്സരം വിജയിച്ചില്ലെങ്കിലും കപ്പ് നേടിയില്ലെങ്കിലും ഖത്തറിലെ കാണികള്‍ക്കു മുന്നില്‍ അവര്‍ കാല്‍പന്തിൻ്റെ വിരുന്നൊരുക്കുമെന്ന് തീര്‍ച്ച.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest