Categories
news

15 ഏക്കര്‍ സ്ഥലത്ത് 100 കിടക്കകളുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവും; രാജ്യത്തെ ആദ്യ യോഗ-പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രം കരിന്തളത്ത്; ശിലാസ്ഥാപനം ഞായറാഴ്ച്ച കേന്ദ്ര മന്ത്രി നിര്‍വ്വഹിക്കും

ദില്ലി/ തിരുവനന്തപുരം/ കാസർകോട്: കേന്ദ്ര ആയുഷ് വകുപ്പ് കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച രാജ്യത്തെ ആദ്യ യോഗ- പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന് ഞായറാഴ്ച (ഫെബ്രുവരി 3) രാവിലെ 10ന് കേന്ദ്രമന്ത്രി ശ്രീപദ് യശ്വന്ത് ശിലാസ്ഥാപനം നടത്തും. മന്ത്രിമാരായ കെ.കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എം.പി എന്നിവര്‍ സംബന്ധിക്കും. കേന്ദ്ര ആയൂഷ് വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ച്യുറോപ്പതിയാണ് (സി.സി.ആര്‍.വൈ.എന്‍) കരിന്തളത്ത് ഇന്‍സ്റ്റിട്ട്യൂട്ട് ആരംഭിക്കുന്നത്.ആശുപത്രിക്കും ഇന്‍സ്റ്റിട്ട്യൂട്ടിനുമായി 30 വര്‍ഷത്തേക്ക് 15 ഏക്കര്‍ സ്ഥലമാണ് സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കുന്നത്. കേന്ദ്ര ആയുഷ് വകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനത്തിന് നേരിട്ട് ഭൂമി കൈമാറുവാന്‍ വ്യവസ്ഥയില്ലാത്തതിനാലാണ് പാട്ടവ്യവസ്ഥയില്‍ സ്ഥലമനുവദിക്കുന്നത്. ഗവേഷണ കേന്ദ്രത്തിനോടനുബന്ധിച്ച് 100 കിടക്കകളുള്ള ആശുപത്രിയും ആരംഭിക്കും. ബി.പി.എല്‍ വിഭാഗത്തിന് സൗജന്യമായും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകുതി ഫീസോടെയും ചികിത്സയനുവദിക്കുമെന്നും സമീപ ഭാവിയില്‍ തന്നെ പി.ജി കോഴ്‌സുകൂടി ആരംഭിക്കുമെന്ന് സി.സി.ആര്‍.വൈ.എന്‍ ഡയറക്ടര്‍ ഡോ. ഈശ്വര എന്‍. ആചാര്യ പറഞ്ഞു. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് വെള്ളരിക്കുണ്ട് താലൂക്കിലെ കരിന്തളത്ത് ഇന്‍സ്റ്റിട്ട്യൂട്ട് യഥാര്‍ഥ്യമാകുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest