Categories
channelrb special news

മലീനികരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഹരിത നിയമങ്ങള്‍ എന്തൊക്കെ.? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; പരിസരവും അന്തരീക്ഷവും ജലവും മലീനീകരിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ശിക്ഷാ നടപടികളും ഉള്‍പ്പെടുത്തിയ കൈപ്പുസ്തകം പുറത്തിറക്കി

തിരുവനന്തപുരം/ കാസർകോട്: പരിസരവും അന്തരീക്ഷവും ജലവും മലീനീകരിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ശിക്ഷാ നടപടികളും ഉള്‍പ്പെടുത്തിയ ഹരിതനിയമങ്ങള്‍ ഉള്ളടക്കം ചെയ്ത കൈപ്പുസ്തകം പുറത്തിറക്കി. തദ്ദേശസ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കുമാണ് ഈ പുസ്തകം. എന്തൊക്കെയാണ് മലിനീകരണം, വിവിധതരത്തിലുള്ള മലിനീകരണമുണ്ടാക്കുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷകള്‍ എന്തൊക്കെ, ആര്‍ക്കൊക്കെയാണ് നടപടി എടുക്കാന്‍ അധികാരമുള്ളത്, ആര്‍ക്കൊക്കെ പരാതി കൊടുക്കം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 56 പേജുകള്‍ അടങ്ങിയതാണ് പുസ്തകം. ജലമലിനീകരണ (നിയന്ത്രണവും നിവാരണവും) നിയമം 1974, പരിസ്ഥിതി (സംരക്ഷണ) നിയമം 1986, കേരള പഞ്ചായത്ത് രാജ് നിയമം 1994, കേരള മുനിസിപ്പാലിറ്റി നിയമം 1994, ഇന്ത്യന്‍ പീനല്‍ കോഡ്, കേരള ജലസേചനവും ജലസംരക്ഷണവും നിയമം 2003, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍, കേരള പോലീസ് ആക്ട് തുടങ്ങിയ നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് ഈ കൈപ്പുസ്തകം തയ്യാറാക്കിരിക്കുന്നത്.

മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കല്‍, അശാസ്ത്രീയമായി കത്തിക്കല്‍, സുരക്ഷിതമല്ലാതെ സംസ്‌കരിക്കല്‍, അലക്ഷ്യമായും അപകടകരമായും ഒഴുക്കിവിടല്‍, മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാതിരിക്കല്‍, ഇറച്ചി മാലിന്യങ്ങള്‍ പൊതുവഴികളിലും ജലാശയങ്ങളിലും നിക്ഷേപിക്കല്‍, കക്കൂസുകള്‍ ഉള്‍പ്പെടെയുളള ശുചിത്വ സംവിധാനങ്ങള്‍ മതിയായ എണ്ണം ഒരുക്കാതിരിക്കല്‍, ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ക്കല്‍, ആരോഗ്യത്തിന് ഹാനികരമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ കൈക്കാര്യം ചെയ്യല്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട 29 വ്യത്യസ്ത സാഹചര്യങ്ങളും ഓരോ സാഹചര്യത്തിലും ബാധകമായ നിയമങ്ങളും ചട്ടങ്ങളും ഓരോ തരം നിയമ ലംഘനങ്ങള്‍ക്കും ബന്ധപ്പെട്ട നിയമമോ ചട്ടമോ നിര്‍ദ്ദേശിക്കുന്ന ശിക്ഷകളും പുസ്തകത്തില്‍ വ്യക്തമാക്കിയുണ്ട്. ഓരോ ഇനം നിയമ ലംഘനവും ശ്രദ്ധയില്‍പെട്ടാല്‍ ആര്‍ക്കൊക്കെ പരാതിപ്പെടാം എന്നതും ആരൊക്കെയാണ് നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ എന്നതും വ്യക്തമാക്കിയുട്ടുണ്ട്. ഓരോ നിയമങ്ങലും പൊതുവേ പ്രയോഗിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍ സംബന്ധിച്ച വിശദീകരണവുമുണ്ട്.

മാലിന്യങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഇറക്കിയ എക്‌സിക്യൂട്ടീവ് ഡയറക്ടീവും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ബോധവല്‍ക്കരണം നടത്തല്‍, മുന്നറിയിപ്പ് നല്‍കല്‍, നിയമ നടപടികള്‍ സ്വീകരിക്കല്‍ എന്നിങ്ങനെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതലകളും ബന്ധപ്പെട്ട ഏജന്‍സികളെയും വകുപ്പുകളേയും ഏകോപിപ്പിക്കല്‍, സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കല്‍ എന്നിങ്ങനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലകളും പ്രാദേശിക സവിശേഷതള്‍ അനുസരിച്ച് സബ് ഡിവിഷന്‍തല പ്ലാന്‍ തയ്യാറാക്കുന്നതിനായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയും സി.ഐമാരുടെയും യോഗം വിളിച്ച് ചേര്‍ക്കല്‍, വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലെയും മാലിന്യ നിക്ഷേപങ്ങല്‍ കണ്ടെത്തുന്നതിന് പട്രോള്‍ ടീമിനെ നിയോഗിക്കല്‍, പ്രതിമാസ റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങി ഡിവൈഎസ്പി മാരുടെ ചുമതലകളും ജില്ലകളിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി മോണിട്ടര്‍ ചെയ്യുന്നതുള്‍പ്പെടെയുളള ജില്ലാ പോലീസ് മേധാവിയുടെ ചുമതകളും വ്യക്തമാക്കിയുള്ള ഈ നിര്‍വഹണ ഉത്തരവ് നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഏറെ സഹായകമാകും. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കാന്‍ സഹായകമായ രീതിയില്‍ മറ്റു നാല് അനുബന്ധങ്ങളും ചേര്‍ത്തിരിക്കുന്നു. നിയമലംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, കുറ്റാരോപിതര്‍ക്ക് നല്‍കേണ്ട നോട്ടീസ് മാതൃക, പ്രോസിക്യൂഷന്‍ നടപടിയുടെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കേണ്ട അപേക്ഷയുടെ മാതൃക, മഹസറിന്റെ മാതൃക എന്നിവയാണ് അനുബന്ധങ്ങളായി ചേര്‍ത്തിട്ടുളളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest