Categories
news

കേരളത്തിന‌് അഭിമാനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌്; മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിന‌് അഭിമാനമായി രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു. തിരവന്തപുരം തോന്നക്കലിൽ സ്ഥിതിചെയുന്ന ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജിയുടെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കിയത്‌ എട്ടു മാസത്തിനുള്ളിലാണ്‌. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു ആരോഗ്യമേഖലയ്ക്ക‌് വെല്ലുവിളി ഉയര്‍ത്തി കേരളത്തിൽ നിപാ വൈറസ‌് ബാധ പടർന്നു പിടിച്ചത്. ഇതോടെ മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി. ഇതോടെ മെയ‌് 30ന‌് തറക്കല്ലിട്ട‌ പദ്ധതി എട്ടു മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാനായി.

ആലപ്പുഴയില്‍ വൈറോളജി ലാബ‌് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിര്‍ണയത്തിന‌് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മാത്രമായിരുന്നു ഇതുവരെയുള്ള ഏക ആശ്രയം. പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിനേക്കാള്‍ സാങ്കേതികത്തികവോടെ പരിശോധനകള്‍ സാധ്യമാകുന്നതാണ് തിരുവനന്തപുരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സാമ്പിളുകളും ഇവിടെ പരിശോധിക്കുന്നതോടെ ഇത് രാജ്യത്തിനാകെ മുതല്‍ക്കൂട്ടായിമാറും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിൻ്റെ ബയോലൈഫ‌് സയന്‍സ‌് പാര്‍ക്കിലെ 25 ഏക്കറിലാണ‌് ഇന്‍സ്റ്റിറ്റ്യൂട്ട‌് സ്ഥിതി ചെയ്യുന്നത്. 28,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിലാണ് ആദ്യഘട്ട പ്രവർത്തനം. രണ്ടാംഘട്ടത്തില്‍ 80,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടമാണ‌് ഒരുങ്ങുന്നത‌്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest