Categories
news

അഗസ്ത്യാര്‍കൂടത്ത് ട്രെക്കിങ് നടത്താന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി; ശാരീരികമായി കഠിനമായ യാത്ര; സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനമില്ല

 

തിരുവനന്തപുരം: സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച ഈ മലനിരകള്‍ ലോക പൈതൃക പട്ടികയിലേക്കും പരിഗണിക്കപ്പെട്ടിരിക്കുന്നു. ചെന്തുരുണി, പേപ്പാറ, നെയ്യാര്‍, തമിഴ്‌നാട്ടിലെ കളക്കാട്, മുണ്ടന്‍തുറ കടുവസങ്കേതം എന്നീ വനമേഖലകള്‍ അതിരിടുന്ന പ്രദേശമാണ്. ഇവിടേക്ക് ട്രെക്കിങ് നടത്താന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. ഇന്നലെ രാവിലെ 11 മണി മുതലാണ് വനംവകുപ്പിന്റെ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയത്. സ്ത്രീകള്‍ക്കും 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഉത്തരവ് വനംവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ശാരീരികമായി കഠിനമായ യാത്രയാണെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്കെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. അഗസ്ത്യമല വര്‍ഷത്തില്‍ ഒരുമാസംമാത്രമാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. കഴിഞ്ഞകൊല്ലം വനിതാസംഘടനകളുടെ വ്യാപകപ്രതിഷേധത്തെത്തുടര്‍ന്ന് 51 വനിതകള്‍ അടങ്ങുന്ന സംഘത്തെ പ്രവേശിപ്പിക്കാന്‍ ധാരണയായിരുന്നു. കാണിഗോത്രവര്‍ഗക്കാരുടെ 51 ദിവസത്തെ പൂജാവേള ഒഴികെയുള്ള ദിവസങ്ങളില്‍ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം തടയില്ലെന്നാണ് അന്നത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

എന്നാല്‍, ആചാരലംഘനം ചൂണ്ടിക്കാട്ടി ഗോത്രവിഭാഗമായ കാണിക്കാര്‍ കോടതിയില്‍ പരാതി നല്‍കിയതിനാല്‍, അഗസ്ത്യമലയ്ക്ക് ആറു കിലോമീറ്റര്‍ ഇപ്പുറത്തായി, അതിരുമലവരെ മാത്രമാണ് പ്രവേശനം നല്‍കിയത്. ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെയാണ് ഇത്തവണ അഗസ്ത്യാര്‍കൂടത്ത് ട്രെക്കിങ് ഒരുക്കിയിരിക്കുന്നത്. ദിവസം പരമാവധി 100 പേര്‍ക്കാണ് പ്രവേശനം. ഓണ്‍ലൈനായും അക്ഷയകേന്ദ്രം വഴിയും ടിക്കറ്റുകള്‍ ബുക്കുചെയ്യാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest