Categories
news

മാധവന്‍ പണിക്കര്‍ മംഗളം പാടി അരങ്ങൊഴിഞ്ഞു; പതിനാറാം വയസ്സില്‍ മറുത്തുകളിയില്‍ അരങ്ങേറ്റംകുറിച്ച അതേ വേദിയില്‍ പൂരക്കളി കുലപതിക്ക് വിടവാങ്ങല്‍ ചടങ്ങ്

കാസര്‍കോട്: പള്ളിക്കര പാലരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തിയ മറത്തുകളിയോടെ പൂരക്കളി-മറത്തുകളി രംഗത്തെ കുലപതി പിലിക്കോട് പി.പി.മാധവന്‍ പണിക്കര്‍ മംഗളം പാടി അരങ്ങൊഴിഞ്ഞു. പതിനാറാം വയസ്സില്‍ മറുത്തുകളിയില്‍ അരങ്ങേറ്റംകുറിച്ച അതേ വേദിയില്‍ കലാശക്കളി പൂര്‍ത്തിയാക്കിയാണ് കളിപ്പന്തലില്‍നിന്ന് വിടപറഞ്ഞത്. ആറര പതിറ്റാണ്ടിന്റെ ആല്‍മസമര്‍പ്പണത്തിന് തുടക്കം കുറിച്ച ക്ഷേത്രത്തിരുവരങ്ങില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പൂരക്കളി പണിക്കര്‍മാരും പണ്ഡിതരും മറുത്തുകളി ആസ്വാദകരും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ കലാശക്കളി കാണാന്‍ എത്തിയിരുന്നു. 16-ാം വയസില്‍ ചല്ലനവുംചൊറയും ഉടുത്തുകെട്ടി ചാത്തമത്തെ കുഞ്ഞിക്കോരന്‍ പണിക്കരുമായി മറുത്തുകളിച്ച ‘ചെക്കന്‍’ ഇന്ന് പൂരക്കളി-മറുകളി രംഗത്ത് മറുവാക്കില്ലാത്ത വടവൃക്ഷമായിട്ടാണ് അരങ്ങൊഴിഞ്ഞത്. മറുത്തുകളിയില്‍ മംഗളം പാടി അരങ്ങൊഴിയുന്ന നേരത്ത് മുഴക്കോത്ത് ചാലക്കാട്ട് ചെക്കിപ്പറ ഭാഗവതി ക്ഷേത്രത്തെ പ്രതിനിധീകരിച്ചെത്തിയ കുണിയന്‍ നാരായണ പണിക്കരായിരുന്നു പ്രതിയോഗി.ആലാപന സൗകുമാര്യത്തിന്റെ ആള്‍രൂപവും സരസ വാക് പ്രയോഗങ്ങളും മറുത്തുകളി രംഗത്ത് അദ്ദേഹത്തെ പകരക്കാരനില്ലാത്ത പ്രതിഭയാക്കി. പൂരക്കളി-മറുത്തുകളി രംഗത്ത് സര്‍വ്വാദരണീയനായിരുന്നു മാധവന്‍ പണിക്കര്‍. അച്ഛന്‍ വയലില്‍ കുഞ്ഞിരാമന്‍ പണിക്കരുടെ കീഴിലായിരുന്നു പഠനം. സംസ്‌കൃതത്തിലെ പ്രാഥമീക പാഠമായ സിദ്ധരൂപവും ലഘുകാവ്യങ്ങളായ ശ്രീരാമമോദന്തവും കൃഷ്ണവിലാസവും ഒപ്പം രഘുവംശവും വശത്താക്കിയിരുന്നു. ശേഷം സാഹിത്യശിരോമണി പുത്തിലോട്ടെ പി. ഗോവിന്ദന്‍ നമ്പൂതിരിയുടെ അടുത്തായിരുന്നു ഉപരിപഠനം. 21-ാം വയസ്സില്‍ പൂരക്കളി-മറുത്തുകളിയിലെ പരമോന്നത ബഹുമതിയായ ‘വീരശൃംഖല’യും പണിക്കര്‍ പദവിയും നല്‍കി മാധവനെ ആദരിച്ചു. കണ്ടോത്ത് കൂര്‍മ്പ ഭഗവതി ക്ഷേത്രം ആണ് ആദരിച്ചത്. അവിവാഹിതനായ ഒരാള്‍ക്ക് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത് ആദ്യമായിരുന്നു. പിന്നീട് നെല്ലിക്കാതുരുത്തി കഴകം, രാമവില്യം കഴകം, കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം, കുഞ്ഞിമംഗലം അണീക്കര പൂമാല ഭഗവതി ക്ഷേത്രം, കുണിയന്‍ പറമ്പത്ത് ഭഗവതീ ക്ഷേത്രം, കരക്കക്കാവ് ഭഗവതീ ക്ഷേത്രം, തായിനേരി കുറിഞ്ഞി ക്ഷേത്രം, മുഴക്കോം ചെക്കിപ്പാറ ഭഗവതി ക്ഷേത്രം. കുട്ടമത്ത് പൂമാല ക്ഷേത്രം, പരവന്തട്ട ഉദയപുരം ക്ഷേത്രം, കൊഴമ്മല്‍ മുണ്ട്യ ദേവസ്ഥാനം, കരിവെള്ളൂര്‍ വാണിയില്ലം ക്ഷേത്രം തുടങ്ങി ഒട്ടേറേ ക്ഷേത്രങ്ങളില്‍ തന്റെ തന്റെ പാണ്ഡിത്യം പ്രകടമാക്കിയിരുന്നു. 1988ല്‍ സംഗീത നാടക അക്കാദമിയുടെ നാടന്‍ കലക്കുള്ള അവാര്‍ഡ്, 2005ല്‍ കൊടക്കാട് കലാനികേതനത്തിന്റെ മറുത്തുകളി ആചാര്യനുള്ള പുരസ്‌കാരം, അതേ വര്‍ഷം ഫോക് ലോര്‍ അക്കദാമിയുടെ ഫെലോഷിപ്പ് തുടങ്ങിയവ അംഗീകാരങ്ങളില്‍ ചിലതു മാത്രം. 1989-ല്‍ കേരള സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, ഫോക് ലോര്‍ അക്കാദമിയില്‍ നോമിനിയായും പ്രവര്‍ത്തിച്ചു. തന്റേ 81 വര്‍ഷത്തെ ജീവിതത്തില്‍ 65 വര്‍ഷവും പൂരക്കളി-മറുത്തുകളിക്കായി സമര്‍പ്പിച്ച മറുത്തുകളിയിലെ അധികായന് 30 ലേറേ ശിഷ്യന്‍മാരുണ്ട് ഈ രംഗത്ത്. സവര്‍ണര്‍ കൈയ്യടക്കിവെച്ച സംസ്‌കൃതത്തെ അതിന്റെ സാത്വീകഭാവത്തില്‍ മറുത്തുകളിയിലൂടെ കീഴാളരുടെ കാവുകളിലെത്തിക്കുന്നതിനും ആസ്വാദക മനസുകളിലേക്ക് സന്നിവേശിപ്പിക്കുന്നതിനും മാധവന്‍ പണിക്കര്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയായിരുന്നു. പാലരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ പണിക്കരെ കളിപ്പന്തലില്‍ ടി.വി.രാജേഷ് എം.എല്‍.എ. ആദരിച്ചു. സി.പി.എം. നേതാക്കളായ ടി.കെ.രവി, കെ.വി.ദാമോദരന്‍, പി.അമ്പാടി, ക്ഷേത്രം ഭാരവാഹികള്‍, ആചാര സ്ഥാനികര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പൂരക്കളി പണിക്കര്‍മാരും പണ്ഡിതരും മറുത്തുകളി ആസ്വാദകരും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ കലാശക്കളി കാണാന്‍ എത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest