
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറും സിനിമാതാരവുമായ പി ശിവദാസനെതിരെ പോലീസ് കേസെടുത്തു. നിയമം ലംഘിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് മട്ടന്നൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ നിയമം ലംഘിച്ച് അപകടമുണ്ടാക്കിയത് പോലീസിനുള്ളിൽത്തന്നെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മട്ടന്നൂരിൽ കേസിനാസ്പദമായ സംഭവം നടന്നത്. ശിവദാസൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.
അപകടം ഉണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ മട്ടന്നൂർ പോലീസ് വാഹനമോടിച്ച എസ്.എ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസ് രജിസ്റ്റർ ചെയ്തു. അഭിനേതാവ് എന്ന നിലയിൽ നിരവധി സിനിമകളിൽ ശ്രദ്ധ നേടിയ ശിവദാസൻ നിലവിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയാണ് സേവനം തുടരുന്നത്. സിനിമാ നടൻ എന്ന നിലയിലും പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലും സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ജീവിതത്തിൽ സൂക്ഷ്മത പാലിക്കേണ്ടിയിരുന്ന വ്യക്തി. പുതു തലമുറക്ക് മാതൃക നൽകേണ്ട ആൾ തെറ്റുചെയ്താൽ മാതൃകാ പരമായി നിയമ നടപടി നേരിടണം. പോലീസിനകത്ത് ചർച്ചയായ വിശയത്തിൽ വകുപ്പുതല അച്ചടക്ക നടപടികളും സാധ്യതയുണ്ട് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
