Categories
local news

വടക്കന്‍ പെരുമ വിളിച്ചോതുന്ന കൊടക്കാട് ഫോക്ലോര്‍ വില്ലേജ്; ആശയ സംവാദങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

തെയ്യം ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ പഠിക്കുന്നതിനും അവയില്‍ ഗവേഷണം നടത്തുന്നതിനുമായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേര്‍ കാസര്‍കോട് എത്തുന്നുണ്ട്.

കാസർകോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കൊടക്കാട് ഫോക്ലോര്‍ വില്ലേജ് സ്ഥാപിക്കുന്നതിനായി 5 കോടിരൂപ വകയിരുത്തിയതിനെ തുടര്‍ന്ന് ആശയ സംവാദങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാറിൻ്റെ വികസന കാഴ്ചപ്പാടില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തന്നെ വിവിധ പ്രദേശങ്ങളിലെ സാംസ്‌ക്കാരിക മുന്നേറ്റങ്ങള്‍കൂടി ഉറപ്പ് വരുത്തുക എന്നതുകൂടി ചേരുന്നുണ്ടെന്നും വിവിധ മേഖലകളില്‍ പോയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിസ്മയകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.

ഫോക്ലോര്‍ വില്ലേജായി കൊടക്കാട് മാറുമ്പോള്‍ ഈ നാടിൻ്റെ പെരുമ കേവലമൊരു ഗ്രാമത്തില്‍ നിന്ന് മാറി രാജ്യങ്ങളുടെ അതിര് കടന്ന് പരക്കുമെന്നും ഒരു ഇന്റര്‍നാഷണല്‍ സ്റ്റഡി സെന്ററായി മാറുന്നതോടെ സാംസ്‌ക്കാരികമായ വലിയ ഉന്നമനം നടത്താന്‍ ഈ കലാഗ്രാമത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


കലാ സാംസ്‌കാരിക മേഖലയിലുള്‍പ്പെടെയുള്ള വിദഗ്ധരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ വ്യത്യസ്തങ്ങളായ ആശയങ്ങള്‍ ഉരിത്തിരിഞ്ഞു.

ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എ.വി അജയകുമാര്‍ ആമുഖ ഭാഷണം നടത്തി. ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി അധ്യക്ഷയായി. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി. ശാന്ത. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ മുഹമ്മദ് അസ്ലം, കെ.പി വത്സലന്‍, വിവി സജീവന്‍, ഗിരിജമോഹന്‍, വാര്‍ഡ് മെമ്പര്‍ എന്‍.പ്രസീതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

കൊടക്കാട് ഫോക്ലോര്‍ വില്ലേജ്, പ്രതീക്ഷകള്‍ ആശയങ്ങള്‍ വിമര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സെമിനാറില്‍ പത്മനാഭന്‍ കാവുമ്പായി മോഡറേറ്ററായി ഡോ.സി.ബാലന്‍, എം.എസ് നായര്‍, കെ.കെ മാരാര്‍, ബാലകൃഷ്ണന്‍ കൊയ്യാൽ, ഇ. ഉണ്ണികൃഷ്ണന്‍, എം വിനയചന്ദ്രന്‍, ശംഭു മാസ്റ്റര്‍, സുരേഷ്ബാബു അഞ്ഞൂറ്റാന്‍, രവീന്ദ്രന്‍ കൊടക്കാട് എന്നിവര്‍ നേരിട്ടും ഓണ്‍ലൈനായി ഡോ. കെ.കെ.എൻ കുറുപ്പ്, ആര്‍.സി കരിപ്പത്ത്, ഇ.പി രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.

ഫോക്‌ലോർ ഗ്രാമം

കൊടക്കാട് ഓലാട്ട് പ്രദേശത്ത് മൂന്ന് ഏക്കറോളം വരുന്ന റവന്യൂ ഭൂമിയിലാണ് ഫോക്ലോര്‍ വില്ലേജ് സ്ഥാപിക്കുന്നത്. നര്‍ത്തക രത്നം കണ്ണപ്പെരുവണ്ണാൻ്റെ സ്മരണയും തെയ്യം കലയുടെ കുലപതി മണക്കാടന്‍ ഗുരുക്കളുടെ സ്മരണയും മുന്‍നിര്‍ത്തി ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തെയ്യം സ്റ്റഡീസ് എന്ന പേരില്‍ ഒരു സ്മാരകവും അതോടൊപ്പം ജില്ലയിലെ നാടന്‍ കലകളെ കുറിച്ച് പഠിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായുള്ള ഒരു കേന്ദ്രം എന്ന നിലയിലാണ് കൊടക്കാട് ഫോക്ലോര്‍ വില്ലേജില്‍ വിഭാവനം ചെയ്തിട്ടുള്ളത്.

തെയ്യം ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങള്‍ പഠിക്കുന്നതിനും അവയില്‍ ഗവേഷണം നടത്തുന്നതിനുമായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേര്‍ കാസര്‍കോട് എത്തുന്നുണ്ട്. ഇതിനെല്ലാം പര്യാപ്തമായ നിലയില്‍ ഒരു സാംസ്‌കാരിക കേന്ദ്രമായി കൊടക്കാട് ഫോക്ലോര്‍ വില്ലേജിനെ മാറ്റുന്നതിതിനാണ് ഈ മേഖലയിലുള്‍പ്പെടെയുള്ള അക്കാഡമിസുറ്റുകളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാല സംഘടിപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *