
പട്‌ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് യുഗമാണ് അവസാനം. ജെ.ഡി.യു നേതാവും രാജ്യസഭാ എം.പിയുമായ നിതീഷ് കുമാര്‍ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയ്‌ക്കൊപ്പം എത്തിയാണ് രാജിക്കത്ത് കൈമാറിയത്. ഇക്കാലമത്രയും ബിഹാറിൻ്റെ വികസനത്തിനായാണ് പ്രവര്‍ത്തിച്ചതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറിൻ്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പുതിയ സര്‍ക്കാരിന് താന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
ഏപ്രില്‍ പത്തിന് നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടര്‍ന്നാണ് എം.എല്‍.സി സ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും രാജിവെച്ചത്. ബിഹാറില്‍ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് നിതീഷ് കുമാര്‍. 2005-ലാണ് നിതീഷ് ആദ്യമായി മുഖ്യമന്ത്രിയായത്. സംസ്ഥാനത്തിൻ്റെ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയാണ് നിതീഷ് കുമാർ വഴിമാറുന്നത്. സാമ്രാട്ട് ചൗധരിയാണ് അടുത്ത ബിഹാർ മുഖ്യമന്ത്രി. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ് സാമ്രാട്ട് ചൗധരി. ഉപമുഖ്യമന്ത്രിയായ വിജയ് സിന്‍ഹയാണ് സാമ്രാട്ട് ചൗധരിയുടെ പേര് നിര്‍ദേശിച്ചത്. നിതീഷ് കുമാറിൻ്റെ വിശ്വസ്തനായ അദ്ദേഹം ആര്‍.ജെ.ഡിയിലും ജെ.ഡി.യുവിലും പ്രവര്‍ത്തിച്ച ശേഷമാണ് ബി.ജെ.പിയിൽ എത്തിയത്. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനതെക്കും എത്തിനിൽക്കുന്നു. ബി.ജെ.പിയുടെ ആദ്യ മുഖ്യമന്ത്രി എന്ന പേരും സാമ്രാട്ട് ചൗധരിക്ക് സ്വന്തമാകും.
