
കാസര്‍കോട്: സീതാംഗോളിയിൽ ചെങ്കല്ല് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർക്ക് ഗുരുതരം. കുമ്പള – മുള്ളേരിയ KSTP റോഡ് സീതാംഗോളി പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം. ചെങ്കല്ല് ലോറി അമിതവേഗതയിൽ പമ്പിലേക്ക് കയറുമ്പോൾ ബൈക്ക് യാത്രക്കാരെ ശ്രദ്ധിച്ചില്ല എന്നതാണ് വ്യക്തമാകുന്നത്. അപകടം നടന്ന CCTV ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സീതാംഗോളി ഭാഗത്തുനിന്നും ബൈക്ക് നീർച്ചാൽ ഭാഗത്തേക്ക് പോകുമ്പോൾ എതിർദിശയിൽ നിന്നും അമിത വേഗതയിൽ വന്ന ലോറി ബൈക്കിൽ ഇടിച്ചാണ് നിന്നത്. ബൈക്കിലുള്ളവർ തെറിച്ചുവീണതിനാൽ ദേഹത്തുകൂടി ലോറി കയറാതെ രക്ഷപെട്ടു.

എന്നാൽ ബൈക്കിലുണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നീര്‍ച്ചാലിലെ ഫാന്‍സി ഷോപ്പ് ഉടമ പപ്പു എന്ന പ്രകാശന്‍ (36) സുഹൃത്തും നീര്‍ച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ബദിയഡുക്ക, ചെടേക്കാല്‍ സ്വദേശി രതീഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ചുമണിയോടെ ഭീകര അപകടം നടന്നത്. കുമ്പള- മുള്ളേരിയ KSTP റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നാരംപാടിയിൽ കാർ തലകീഴായി മറിഞ്ഞ ശേഷം സൈഡിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്‌ച തന്നെയാണ് ഈ അപകടവും നടന്നത്. യാത്രക്കാർ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു എന്നാണ് വിവരം. കാർ ഭാഗികമായി തകർന്നിട്ടുണ്ട്.

