
കാസര്‍കോട്: ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ നീർച്ചാലിൽ ബുധനാഴ്ച്ച പുലർച്ച ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. സീതാംഗോളിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനും കന്യപ്പാടി മാടത്തടുക്ക സ്വദേശിയുമായ മുഹമ്മദ് സൈനുദ്ദീന്‍ (29)ആണ് അപകടത്തിൽ മരണപ്പെട്ടത്. കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. പുലർച്ച ജോലിക്ക് പോവുകയായിരുന്നു സൈനുദ്ദീൻ. നീർച്ചാലിൽ എത്തിയപ്പോൾ അപകടം സംഭവിച്ചു. അപകട വിവരം അറിഞ്ഞതോടെ നാട് ഒന്നടങ്കം ദുഃഖത്തിലായി. കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിലെ നീർച്ചാലിൽ സ്കൂളിന് മുൻവശമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശവും സ്കൂട്ടറും തകർന്ന നിലയിലാണ്. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മരണപ്പെട്ട സൈനുദ്ദീന്‍ മുസ്ലിം യൂത്ത് ലീഗിൻ്റെ സജീവ പ്രവർത്തകനാണ്. ബദിയടുക്ക പഞ്ചായത്ത് സീതാംഗോളി ശാഖ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയാണ്. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് നിരവധി ആളുകളാണ് ആശുപത്രിയിലേക്കും വീട്ടിലേക്കുമായി എത്തുന്നത്.
