
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തിൽ ഞെട്ടി കേരളം. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സഹോദരങ്ങൾ ചേർന്ന് യുവാവിനെ നടുറോഡിലിട്ട് തല്ലിക്കൊന്നത്. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമൻ (38)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അക്രമത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് കൊടും ക്രൂരത മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചത്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പോലീസ് അതിസാഹസികമായി രാത്രിതന്നെ പിടികൂടിയിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വലയിലാക്കിയത്.
ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെടുകയായിരുന്നു. ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയും റോഡിലിട്ട് അതി ക്രൂര മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു. ക്രൂര മർദ്ദനം ബാറിലുണ്ടായിരുന്ന മറ്റുള്ളവരും കണ്ടിരുന്നു. എന്നാൽ ആരും ഇടപെട്ടില്ല എന്നത് ദുഃഖകരമാണ്. മർദ്ദനത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കുള്ളതായും വാരിയെല്ല് ഒടിഞ്ഞതായും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു.
