
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിൻ്റെ പുനർ നിർമ്മാണത്തിനായി കേന്ദ്രം തുക അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതിയാണ് തുക അനുവദിച്ചത്. 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടതിൻ്റെ 11 ശതമാനം മാത്രമാണ് ഇപ്പോൾ അനുവദിച്ച തുക. ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് പ്രത്യേക ധനസഹായമായി തുക അനുവദിക്കുന്നത്. ഒരു വർഷത്തിലധികം നീണ്ട മുറവിളികൾക്കൊടുവിലാണ് വയനാടിന് പ്രത്യേക കേന്ദ്ര സഹായം ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം പ്രത്യേകമായി അനുവദിക്കുന്ന ആദ്യ സഹായമാണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലുണ്ടായ ദുരന്തത്തിൽ തകർന്നതിൻ്റെ പുനർ നിർമ്മാണത്തിനായാണ് 260.56 കോടി രൂപ അനുവദിച്ചത്. നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വായ്പയായി 529.50 കോടി രൂപ അനുവദിച്ചിരുന്നു. ജൂലൈയിൽ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 153 കോടിയും അനുവദിച്ചിരുന്നു.
ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2022 ൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചു. ബി.ജെ.പി ഭരണത്തിലുള്ള അസമിന് 1270 കോടി അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞതായുള്ള ആരോപണം ഉയർന്നു കഴിഞ്ഞു. അതേസമയം, ഉത്തരാഖണ്ഡിന് 1658.17 കോടിയും, ഹിമാചൽ പ്രദേശിന് 2006.40 കോടിയും നേരത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു, വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്ത്വത്തിൽ യു.ഡി.എഫ് എംപിമാർ അമിത് ഷായെ നേരിൽ കണ്ടും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ, കാര്യമായ നടപടികളുണ്ടായില്ല. പ്രധാനമന്ത്രി നേരില് കണ്ട് ബോധ്യപ്പെട്ടിട്ടും വയനാട് ദുരന്ത ബാധിതരെ അവഗണിക്കുകയാണെന്ന വിമർശനം കേരള സർക്കാറും, പ്രതിപക്ഷവും ആവർത്തിക്കുമ്പോഴാണ് കേന്ദ്രത്തിൻ്റെ നടപടി.
