Categories
news

കൊറോണ: ചെറുക്കാനായി ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; നല്‍കിയിരിക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങള്‍

എല്ലാ പൗരൻമാരും സ്വയം ജനതാ കർഫ്യു പാലിക്കാനും ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

രാജ്യമാകെ കൊറോണ വൈറസ് വ്യാപിക്കുന്നത് ചെറുക്കാനായി ജനതാ കർഫ്യു പ്രഖാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 10 മണിക്കും ഇടയിൽ എല്ലാ പൗരൻമാരും സ്വയം ജനതാ കർഫ്യു പാലിക്കാനും ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

രാജ്യത്തെ അഭിസംബോധന ചെയ്യവേ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു.

“ഇന്ത്യയിലെ 130 കോടി ജനങ്ങളോട് എനിക്ക് വലിയ ഒരു അഭ്യർത്ഥനയുണ്ട്, കൊറോണ വൈറസ് വ്യാപനത്തില്‍ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസങ്ങൾ രാജ്യത്തിന് നൽകണം” എന്ന് ആരംഭിച്ച ശേഷമാണ് അദ്ദേഹം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ആൾക്കൂട്ടങ്ങള്‍ ഉണ്ടാകാതെ ജനങ്ങള്‍ ഓരോരുത്തരും സ്വയം വിട്ട് നിൽക്കണം. ഇനിയുള്ള കുറച്ച് ആഴ്ചകൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ തുടരണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേപോലെ തന്നെ സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ ഇവരൊഴികെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *