Categories
articles news

സ്വന്തം സംരംഭവുമായി രംഗത്ത് ഇറങ്ങി ചരിത്രം സൃഷ്ടിച്ചു; വിടവാങ്ങിയത് സ്വന്തം ബിരിയാണി കൊണ്ട് ആരാധകരെ സൃഷ്ടിച്ച ‘ദി ബിഗ് ഷെഫ്’

കോളജിൽ സീനിയറായി പഠിച്ച കൂട്ടുകാരൻ ബ്ലെസിക്ക് ഒരു സിനിമ സംവിധാനം ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ നൗഷാദ് ധൈര്യമായി പണം മുടക്കി.

ബിരിയാണി എന്ന വിഭവത്തിന് കേരളത്തിൽ ഇപ്പോഴുള്ള പ്രചാരം നേടിക്കൊടുത്തതിൽ വലിയ പങ്കുണ്ട് ‘ദി ബിഗ് ഷെഫ്’ നൗഷാദിന്‍റെ കൈപ്പുണ്യത്തിന്. കേരളമെമ്പാടും ആരാധകരെ സൃഷ്ടിക്കാൻ നൗഷാദിന്‍റെ നെയ്മണം നിറയുന്ന മട്ടൻ ബിരിയാണിക്ക് കഴിഞ്ഞു. ബിരിയാണി തന്നെയായിരുന്നു എന്നും നൗഷാദിന്‍റെ സിഗ്‌നേച്ചർ വിഭവം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ബിരിയാണി എന്ന വിഭവം ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചവരിൽ ഒരാളാണ് നൗഷാദ്.

കേരളത്തിലെ ബിരിയാണികളുടെ കേന്ദ്രമായ വടക്കൻ കേരളത്തിലെ ബിരിയാണികളിൽനിന്ന് വ്യത്യസ്തമായി തന്റേതായ ശൈലിയിൽ ബിരിയാണി ഉണ്ടാക്കിയാണ് മലയാളികളുടെ മനസ്സിൽ നൗഷാദ് സ്ഥാനം നേടിയെടുക്കുന്നത്. കേറ്ററിങ് രംഗത്ത് കോടിക്കണക്കിനു വരുമാന മൂല്യമുള്ള സ്ഥാപനമായി തന്‍റെ നൗഷാദ് കേറ്റേഴ്‌സിനെ അദ്ദേഹം വളർത്തി. മൂന്നു പതിറ്റാണ്ടിലേറെയായി ഇരുപതിനായിരത്തിലേറെ വേദികളിൽ സദ്യ ഒരുക്കി, 10000 പേർക്ക് ഒരേ സദ്യയിൽ ബിരിയാണി വിളമ്പി. ഇങ്ങനെയാണ് കേറ്ററിങ് മേഖലയെ നൗഷാദ് പുതിയ തലങ്ങളിലേക്ക് എത്തിച്ചത്.

10 പേർ മുതൽ 10,000 പേർക്കു വരെ ഒരേ നിലവാരത്തിൽ ഭക്ഷണം വിളമ്പാൻ കഴിഞ്ഞു എന്നതാണ് നൗഷാദിനെ എല്ലാവർക്കും പ്രിയങ്കരനാക്കിയത്. ഭക്ഷണത്തിലെ രുചിവൈവിധ്യം നൗഷാദിനു രാഷ്ട്രീയ – ചലച്ചിത്ര മേഖലകളിൽ ധാരാളം സുഹൃത്തുക്കളെ നേടിക്കൊടുത്തു. ഇതിലൂടെയാണ് നൗഷാദ് സിനിമാ മേഖലയിൽ എത്തുന്നത്.

കോളജിൽ സീനിയറായി പഠിച്ച കൂട്ടുകാരൻ ബ്ലെസിക്ക് ഒരു സിനിമ സംവിധാനം ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ നൗഷാദ് ധൈര്യമായി പണം മുടക്കി. അങ്ങനെയാണ് ‘കാഴ്ച’യെന്ന സിനിമ യാഥാർഥ്യമായത്. പിന്നെയും സിനിമകൾക്കു പണമിറക്കാൻ നൗഷാദ് തയാറായി. ‘ചട്ടമ്പിനാട്’, ‘സ്പാനീഷ് മസാല’, ‘ബെസ്റ്റ് ആക്ടർ’. മൂന്നു സിനിമകളിൽ മമ്മൂട്ടിയും ഒരു സിനിമയിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ബിജുമേനോൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. കാഴ്ചക്കാർക്ക് കൗതുകമായിരുന്നെങ്കിലും വലിയ ശരീരം കുറയ്ക്കാനുള്ള തീരുമാനത്തിലായിരുന്ന നൗഷാദ്. ഇതിന്‍റെ ഭാഗമായി സർജറി നടത്തി. ഇതേത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് നൗഷാദിന്റെ അകാല വിടവാങ്ങലിലേക്ക് നയിച്ചത്.

നട്ടെല്ലിനുണ്ടായ പരുക്കിനെ തുടർന്ന് ഒരു വർഷത്തോളം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിൽ കഴിഞ്ഞു. ഒരു മാസമായി തിരുവല്ല ബിലിവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. അവസാന നാളുകളിൽ അടുപ്പക്കാരൊക്കെ അകന്നു തുടങ്ങിയത് നൗഷാദിനെ വേദനിപ്പിച്ചു. സമ്പാദ്യം പൂർണമായും ഇല്ലാതായി. ഗുരുതര സാമ്പത്തിക പ്രതിസന്ധി നൗഷാദിനെ വലച്ചു. ഇതിനിടെ രണ്ടാഴ്ച മുൻപ് ഭാര്യ ഷീബ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഏറെ നാളത്തെ ചികിൽസയ്ക്കു ശേഷം ജനിച്ച ഏക മകൾ നഷ്വ ഇതോടെ അനാഥയായി.

പ്രതിസന്ധിഘട്ടത്തിൽ മലയാള സിനിമ അദ്ദേഹത്തെ കൈവിട്ടതിൽ സുഹൃത്തുക്കളും ബന്ധുക്കളും വലിയ നിരാശയിലായിരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കേറ്ററിങ് മേഖലയിലും പ്രതിസന്ധി വളർന്നു. ഇതാണ് നൗഷാദിന്‍റെ പൂർണമായ സാമ്പത്തിക തകർച്ചയ്ക്കു വഴിവച്ചത്. സെലിബ്രിറ്റി ഷെഫായി മലയാളക്കരയാകെ നിറഞ്ഞു നിന്ന നൗഷാദ് ചാനലുകളിലെ റിയാലിറ്റി ഷോകളിലും വിധികർത്താവായിരുന്നു.

നൗഷാദിന്‍റെ കുക്കറി ഷോകളും ചാനലുകൾക്ക് പ്രിയപ്പെട്ടതായിരുന്നു. പൊതു വേദികളിലും നൗഷാദ് പാചക ഷോകൾ അവതരിപ്പിച്ചിരുന്നു. ഹോങ്കോങ്ങിലെ പ്രസിദ്ധമായ പാചക മേളയിൽ പങ്കെടുത്തു വിഭവങ്ങളൊരുക്കി നൗഷാദ് പ്രസിദ്ധി നേടി. പ്രീഡിഗ്രിക്കു പഠിക്കും മുതൽ പിതാവിന്‍റെ റസ്റ്ററന്റിൽ നൗഷാദും പങ്കാളിയായിരുന്നു. തിരുവല്ലയിലെ നൗഷാദ് ഹോട്ടലിലെ ഭക്ഷണത്തിന് ആരാധകർ ഏറിയതോടെയാണ് ഔട്ട് ഡോർ കേറ്ററിങ്ങിലേക്ക് നൗഷാദ് ശ്രദ്ധതിരിക്കുന്നത്. തിരുവല്ല മാർത്തോമ്മാ കോളജിൽ പ്രീ ഡിഗ്രി പൂർത്തിയാക്കി നൗഷാദ് ബെംഗളൂരുവിലേക്ക് വണ്ടി കയറി. ഇവിടെയാണ് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചത്. പിന്നീട് സ്വന്തം സംരംഭവുമായി രംഗത്ത് ഇറങ്ങി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest