Categories
channelrb special news

പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സുമാർ; സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെ ജീവന് ഭീഷണിയാകുന്നു

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: സ്വകാര്യ ആശുപത്രികളിൽ പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. കാലവർഷം തുടങ്ങിയതോടെ ആശുപത്രികളിൽ വിവിധ പകർച്ചവ്യാധികളും പനിയും ബാധിച്ചെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ‘നിപ്പ വൈറസ്’ ഉൾപ്പെടെ കേരളത്തിൽ കണ്ടെത്തിയ പച്ഛാത്തലത്തിൽ പനിയും മറ്റ് പകർച്ചവ്യാധികളും ബാധിച്ചവരുടെ വാർഡുകളിലും ലേബർ റൂമുകളിലും രോഗികളെ പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ ജോലിക്ക്‌ നിർബന്ധിക്കുന്ന സർക്കാർ- സ്വകാര്യ ആശുപത്രി അധികൃതരുടെ നടപടികൾ അന്വേഷിച്ച്‌ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ.പി ദിനേശ് കുമാർ ചാനൽ ആർ. ബി യോട് പറഞ്ഞു.

പനി ചികിത്സ ‘പ്രോട്ടോകോൾ’ പാലിക്കാത്ത ആശുപത്രികൾക്കെതിരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി ആരോഗ്യ വകുപ്പിന് നൽകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. പനി ബാധിച്ചവരെ ചികിൽസിക്കാൻ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡുകൾ ആശുപത്രികളിൽ ഒരുക്കണമെന്ന് നിർബന്ധമുണ്ട്. പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ഉപയോഗിക്കണമെന്നും രോഗ വ്യാപനത്തിന് കാരണക്കാരാവരുതെന്നും കർശന നിർദ്ദേശമുണ്ട്.

അണുവിമുക്ത ലേബർ റൂമുകളിൽ പ്രത്യകം നഴ്‌സിംഗ് ജീവനക്കാരെ നവജാതശിശു പരിചരണത്തിന് നിയോഗിക്കണമെന്ന മാനദണ്ഡങ്ങൾ പല ആശുപത്രികളിലും പാലിക്കപ്പെടുന്നില്ല. നവജാത ശിശുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താത്ത ആശുപത്രികൾക്കെതിരെ ജില്ലാ കളക്ടറുടെ സഹായത്തോടെ കർശന നിർദ്ദേശം നൽകുമെന്നും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കാസർകോട്ടെ ചില സ്വകാര്യശുപത്രികൾക്കെതിരെ ഇതിനകം നിരവധി പരാതികളുയർന്നിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest