Categories
articles health Kerala local news national trending

പൾസ് പോളിയോ- 2025; ജില്ലയിലെ 1,08,217 കുട്ടികൾക്കും, അതിഥി ത്തൊഴിലാളികളുടെ 922 കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി വിപുലമായ ഒരുക്കങ്ങൾ; 1261 പോളിയോ ബൂത്തുകളും മറ്റു വിവരങ്ങളും; കൂടുതൽ അറിയാം..

കാസറഗോഡ്: 2025 ഒക്ടോബർ 12 ന് രാജ്യത്ത് പോളിയോരോഗ പ്രതിരോധത്തിന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടത്തിവരികയാണ്. നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ വൈകല്യമില്ലാത്ത നല്ല നാളെയുടെ പൗരന്മാരാക്കാനുള്ള കൂട്ടായശ്രമത്തിൻ്റെ ഭാഗമാണിത്. പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്ന, സ്ഥിരമായ അംഗവൈകല്യത്തിലേക്കോ മരണത്തിലേക്കോ നയിക്കുന്ന ഒരു രോഗമാണ് പോളിയോ മൈലീറ്റസ്സ് അഥവാ പിള്ളവാതം. മലിനമാക്കപ്പെട്ട ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയുമാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. പ്രതികൂലസാഹചര്യങ്ങളിലും ചെറുത്തു നിൽക്കാൻ കരുത്തുള്ള പോളിയോ വൈറസുകൾ കുട്ടികളെയാണ് ബാധിക്കുക. പരിസര ശുചിത്വമില്ലായ്മയാണ് പോളിയോ ബാധയുടെ പ്രധാന കാരണം. പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 വൈറസുകളാണ് പോളിയോ രോഗമുണ്ടാക്കുന്നത്. എന്നാൽ തുടർച്ചയായി നടപ്പിലാക്കിയ പൾസ് പോളിയോ ഘട്ടങ്ങളിലൂടെ ടൈപ്പ് 2 പോളിയോ വൈറസിനെ 2015 ൽ ലോകത്തു നിന്നും നിർമാർജ്ജനം ചെയ്യാൻ സാധിച്ചു.

തുറസ്സായ സ്ഥലത്ത്‌ മലവിസർജ്ജനം നടത്തുന്നതും അത്കുടിവെള്ളത്തിൽ കലരുന്നതും വഴി രോഗാണു ബാധ ഉണ്ടാകാം. വൈറസ് രോഗമായതുകൊണ്ടു പിള്ളവാതത്തിന് ഫലപ്രദമായ ചികിത്സയില്ല. പക്ഷെ 100 ശതമാനം ഫലപ്രദമായ പ്രതിരോധ ചികിത്സ ലഭ്യമാണ്. കുത്തിവെപ്പും തുള്ളി മരുന്നു മാണവ. ചെലവു കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ് പ്രതിരോധ തുള്ളിമരുന്ന്. (ഓറൽ പോളിയോവാക്സിൻ) 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി രോഗ പ്രതിരോധശേഷി ഉറപ്പാക്കുന്നതിനാണ് ഈ പരിപാടി. നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പോളിയോ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊണ്ടാണ് 2011 ൽ ഇന്ത്യയിൽ നിന്ന് ഇല്ലാതായ ഈ രോഗത്തിനെതിരെ ഇപ്പോഴും വാക്സിനേഷൻ നൽകേണ്ടി വരുന്നത്.

പോളിയോ രോഗവും ലക്ഷണങ്ങളും: കുട്ടികളുടെ നാഡീ വ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. പനി, ഛർദ്ദി, വയറിളക്കം, പേശി വേദന എന്നിവയാണ് പോളിയോ രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായാൽ ശരീരത്തിൻ്റെ ഏതെങ്കിലുമൊരു ഭാഗം തളർന്നു പോകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കൈകാലുകൾക്കാണ് അംഗവൈകല്യം ബാധിക്കുന്നത്. ഇന്ത്യയിൽ 2011 ജനുവരി 13ന് പശ്ചിമ ബംഗാളിലാണ് അവസാനമായി പോളിയോ കേസ് റീപ്പോർട്ട് ചെയ്തത്. 2014 മാർച്ച് 27 ന് ലോകാരോഗ്യസംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ചു. എങ്കിലും നമ്മുടെ രാജ്യം പോളിയോയ്ക്ക് എതിരെ ജാഗ്രത പുലർത്തി വരികയാണ്.

അംഗൻവാടികൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ്‌സ്റ്റാന്റുകൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ച് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളുടെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്കും വാക്സിൻ നൽകുന്നതിന് മൊബെൽ ബൂത്തുകൾ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. പരീശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ ഒക്ടോബർ 12 ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതാണ്. ഏതെങ്കിലും കാരണവശാൽ പൾസ്പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവരെ കണ്ടെത്തി വളണ്ടിയർ മുഖേന വീടുകളിൽ പോളിയോ വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.

കാസർഗോഡ് ജില്ലയിലെ 108217 കുട്ടികൾക്കും അതിഥിസംസഥാന ത്തൊഴിലാളികളുടെ 922 കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി 1261 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പൾസ്‌ പോളിയോയുടെ ജില്ലാതല ഉദ്‌ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 8:30 ന് കുടുംബാരോഗ്യ കേന്ദ്രം പള്ളിക്കരയിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ നിർവഹിക്കും. പൾസ്‌ പോളിയോ നടത്തുന്നതിനായി മുഴുവൻ പേരുടെയും സഹകരണം ഉണ്ടാകണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.വി രാംദാസ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest