
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ സംബന്ധിച്ചു.
അഫ്ഗാന്‍ ഭരണം താലിബാന്‍ കൈയ്യാളിയതോടെ, സാഹചര്യം അതീവഗൗരവമായി പ്രധാനമന്ത്രി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. എംബസിയില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്ന കാര്യത്തിലും മോദി ശ്രദ്ധ കൊടുത്തിരുന്നു.
താലിബാന്‍ ഭരണകൂടവുമായി എന്തു നിലപാടാണ് സ്വീകരിക്കുകയെന്ന് ഇന്ത്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനുമായി ബന്ധപ്പെട്ട് ഇതുവരെ പ്രസ്താവന ഇറക്കിയിട്ടുമില്ല.

താലിബാൻ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കുകയാണ് ആദ്യകടമ്പ. ചൈന- പാക്ക് രാഷ്ട്രങ്ങൾ താലിബാന് അനുകൂല നടപടി സ്വീകരിക്കുന്നതും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
