
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ആർ.എൻ രവി. തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ മമത ബാനർജി കൂട്ടാക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. നിയമസഭയുടെ കാലാവധി അവസാനിച്ചതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ഗവർണറുടെ വിശദീകരണം. ബംഗാളിൽ ഫലം വന്ന് മൂന്നാം ദിവസവും സ്ഥാനം ഒഴിയാൻ മമത ബാനർജി തയ്യാറായിരുന്നില്ല. ജനവിധി അട്ടിമറിച്ചതാണെന്ന നിലപാടിൽ തുടർന്ന മമത ബാനർജി മുഖ്യമന്ത്രി പദം, രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിൽ തുടരുകയാണ്. പശ്ചിമബംഗാൾ നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കുമ്പോഴാണ് പിരിച്ചു വിട്ടുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ് വന്നത്. ജനവിധി ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ അട്ടിമറിച്ചു എന്നാണ് മമതയുടെ ആരോപണം. സംസ്ഥാനത്ത് കേന്ദ്ര സേനയെ കൂടുതലായി വിന്യസിച്ച് ബിജെപി അനുകൂല സാഹചര്യം ഒരുക്കി. തൃണമൂൽ പ്രവർത്തകരെ ഭീഷണിപ്പെടുത്തി, അക്രമങ്ങൾ നടത്തി, ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. ന്യൂനപക്ഷങ്ങളെ വോട്ടർ ലിസ്റ്റിൽ നിന്നും നീക്കി ബിജെപി അനുകൂല സാഹചര്യമാണ് ഒരുക്കിയത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മമത മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല എന്ന നിലപാടിൽ തുടർന്നത്. ഈ സാഹചര്യത്തിലാണ് ഗവർണർ ആർ.എൻ രവി അധികാരം ഉപയോഗിച്ചത്. എന്നാൽ മമതയുടെ വാശി ഹ്രസ്വ കാലത്തേക്ക് രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമോ എന്നത് കണ്ടറിയണം.
