
കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത ആരോപണങ്ങൾ ഉയർത്തി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. കേന്ദ്ര സേനയെ ഉപയോഗിച്ച് ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായുള്ള ഗുരുതര ആരോപണമാണ് മമത ഉയർത്തിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നും മമത വെല്ലുവിളിച്ചു. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ പൊതുജനാഭിപ്രായമല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും മമത അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിൽ ടി.എം.സിയുടെ മത്സരം ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണെന്നും നിലവിലെ മുഖ്യമന്ത്രി ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ ബിജെപി ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാനാവില്ലെന്നുമാണ് മമത ബാനർജി പറയുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പണിയെടുത്തെന്നാണ് മമത പറയുന്നത്. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൻ്റെ രണ്ട് ഘട്ടങ്ങളിലും ബിജെപിയുടെ ക്രമക്കേട് ചൂണ്ടികാട്ടി രംഗത്തെത്തിയിരുന്നു മമത. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തി പാർട്ടി ഓഫീസുകൾ തകർക്കുന്ന സംഭവവും ഉണ്ടായി. ഇപ്പോഴും ആക്രമണം തുടരുകയാണ് ബിജെപി. നിസ്പക്ഷ തെരഞ്ഞെടുപ്പ് നടത്തിയാൽ തീർച്ചയായും തൃണമൂൽ വിജയിക്കുമെന്നും മമത തുറന്നുപറയുന്നു.
