
കാസർകോട് : കർണാടകയിലേക്ക് ചികിത്സയ്ക്കുപോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിൽ നിന്ന് കർണാടകയിലെ മംഗലാപുരം അടക്കമുള്ള പ്രദേശത്തേക്ക് ചികിത്സക്കായി ആംബുലൻസിലും സ്വകാര്യ വാഹനത്തിലും രോഗികൾ പോകുന്നത് തടയരുതെന്ന് ജസ്റ്റിസുമാരായ എസ് മണികുമാര്, ഷാജി പി ചാലി എന്നിവരാണ് ഉത്തരവിട്ടത്. 25ന് വീണ്ടും കേസ് പരിഗണിക്കും. സി.പി.ഐ.എം കാസർകോട് ജില്ലാ സെക്രട്ടറിയറ്റംഗം കെ ആര് ജയാനന്ദ നല്കിയ ഹർജിയിലാണ് ഉത്തരവ്.
കേന്ദ്രസർക്കാരും കർണ്ണാടക, കേരള സർക്കാരുകളടക്കം എട്ടുപേരെ കക്ഷിചേര്ത്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. കർണാടകത്തിലേക്കുള്ള 24 റോഡും അടച്ചശേഷം, 72 മണിക്കൂറിനുള്ളിലെ ആര്ടിപിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റുണ്ടായാലേ കടത്തിവിടൂ എന്നായിരുന്നു കർണാടക സർക്കാരിൻ്റെ നിലപാട്. ഇത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പ്രക്ഷോഭത്തിനൊപ്പം നിയമപരമായും നേരിടാൻ സിപിഐ എം തീരുമാനിച്ചതിൻ്റെ ഭാഗമായാണ് ജയാനന്ദ ഹര്ജി നല്കിയത്. ഹര്ജിക്കാരനുവേണ്ടി അഭിഭാഷകരായ പി വി അനൂപ്, സിജോ പ്രതീഷ് അനൂപ്, ജി ചന്ദ്രമോഹന് എന്നിവര് ഹൈക്കോടതിയില് ഹാജരായി.
