
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിലെ മുതിർന്ന മൂന്ന് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ ഹൈക്കമാൻഡിന് തലവേദനയാകുന്നു. അതേസമയം എം.എൽ.എ മാരുടെയും ഘടകകക്ഷികളുടെയും തീരുമാനം അറിയാനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കേരള സന്ദർശനം നടത്തി മടങ്ങി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും കേരളത്തിൽ എത്തി മടങ്ങിയത്. അവർക്കുമുന്നിൽ ഘടകകക്ഷികൾ അഭിപ്രായം അറിയിച്ചത് കെ സി വേണുഗോപാലിന് തിരിച്ചടിയായി. പൊതുവികാരം മാനിച്ചായിരിക്കണം മുഖ്യമന്ത്രിയുടെ തീരുമാനം എന്ന മുസ്ലിം ലീഗ് തീരുമാനം വി ഡി സതീശൻ അനുകൂലമാണ്.
സിറ്റിംഗ് എം എൽ എ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം എ ഐ സി സി നിരീക്ഷകരെ അറിയിച്ചത്. കേരളത്തിന്‍റെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. എം എൽ എ തന്നെ മുഖ്യമന്ത്രിയാകണം. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി. ഹൈക്കമാൻഡിനുള്ള ഈ സന്ദേശം വി ഡി ക്ക് അനുകൂലമാണ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം എന്താകും എന്നത് കേരളം ഉറ്റുനോക്കുകയാണ്.
