Categories
പ്രതികരിക്കൻ ഭയന്ന് മൗനത്തിലായ എഴുത്തുകാരുടെ എണ്ണം വർധിക്കുന്നു, പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ്; ‘ഇന്ത്യ സ്വസ്തികയുടെ നിഴലിൽ’ പുസ്തകം പ്രകാശനം ചെയ്തു
Trending News





കാസർകോട്: പ്രതികരിക്കൻ ഭയന്ന് മൗനത്തിലാണ്ട എഴുത്തുകാരുടെ എണ്ണം വർധിക്കുന്നതായി പ്രശസ്ത സാഹിത്യകാരൻ പി.കെ. പാറക്കടവ് കാസർകോട്ട് നടന്ന ചടങ്ങിൽ പറഞ്ഞു. മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന രവീന്ദ്രൻ രാവണേശ്വരത്തിൻ്റെ ‘ഇന്ത്യ സ്വസ്തികയുടെ നിഴലിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിണ്ടാതിരിക്കുന്നത് ഒരു രക്ഷയായി കരുതുന്നത് എഴത്തുകാരന് ഭൂഷണമല്ല. ഗൗരീ ലങ്കേഷിനെയും ഗോവിന്ദ പൻസാരെയെയും നരേന്ദ്ര ധാബോൽക്കറെയും വെടിവെച്ചുകൊന്ന തോക്ക് ഇപ്പോഴും ഇന്ത്യയിൽ അവശേഷിക്കുന്നുണ്ട്. ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥൂറാം വിനായക് ഗോഡ്സെയെ ആരാധിക്കുന്ന ഒരു ഭരണകൂടവും ഗാന്ധിയുടെ ചിത്രത്തിനുനേരെ വെടിയുതിർത്ത് ഗാന്ധിവധം പുനരാവിഷ്കരിച്ച പ്രഗ്യസിങ് ഠാകുർ എന്ന എം.പിയുമുള്ള നാടാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൽ നടന്ന പുസ്തക പ്രകാശനത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. സി. ബാലൻ പുസ്തകം പരിചയപ്പെടുത്തി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി.എ. ഷാഫി, അബൂത്വായി, പി.ദാമോദരൻ, അഷ്റഫ് അലി ചേരങ്കൈ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണൻ സ്വാഗതവും രവീന്ദ്രൻ രാവണേശ്വരം നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.