ജില്ലയിലെ പ്രധാന വിനോദസഞ്ചാര- കേന്ദ്രമായ ചന്ദ്രഗിരി കോട്ട ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS സന്ദർശിച്ചു; കോട്ടയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസനത്തിന് അടിയന്തിര ഇടപെടൽ; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing ജില്ലയിലെ പ്രധാന വിനോദസഞ്ചാര- കേന്ദ്രമായ ചന്ദ്രഗിരി കോട്ട ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS സന്ദർശിച്ചു; കോട്ടയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസനത്തിന് അടിയന്തിര ഇടപെടൽ; കൂടുതൽ അറിയാം..

കാസറഗോഡ്: സംസ്ഥാന പുരാവസ്തു വകുപ്പിൽ നിന്ന് നടത്തിപ്പിനും പരിപാലനത്തിനുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിട്ടു നൽകിയ ജില്ലയിലെ പ്രധാന വിനോദസഞ്ചാര- കേന്ദ്രമായ ചന്ദ്രഗിരി കോട്ട ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ IAS സന്ദർശിച്ച് വിലയിരുത്തി. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോട്ടയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

സംസ്ഥാന പുരാവസ്തു വകുപ്പിൽ നിന്നും കോട്ട ഡി.ടി.പി.സിക്ക് (ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ) നടത്തിപ്പിനും പരിപാലനത്തിനുമായി ലഭിച്ചതോടെയാണ് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടികൾ ആരംഭിച്ചത്. പുരാവസ്തു പൈതൃക ഭംഗിക്ക് കോട്ടം തട്ടാതെ കോട്ടയ്ക്കുള്ളിലെ നടപ്പാതകളുടെയും ഇരിപ്പിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ ഉടൻ പൂർത്തിയാക്കാനും, കോട്ടയും പരിസരവും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും കളക്ടർ നിർദ്ദേശം നൽകി. ഇതിനുപുറമെ, കോട്ടയ്ക്കുള്ളിലെ ചരിത്രപ്രാധാന്യമുള്ള കുളം സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യും. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനുമായി ഇരിപ്പിട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ശുചിമുറികളും ഒരുക്കും.കോട്ടയ്ക്കുള്ളിൽ നിറഞ്ഞ കുറ്റിക്കാടുകൾ വെട്ടി മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഈ അടിസ്ഥാന സൗകര്യ വികസനങ്ങൾ പൂർത്തിയാകുന്നതോടെ ചന്ദ്രഗിരി കോട്ടയെ ഒരു ഡെസ്റ്റിനേഷൻ വെഡിങ് ഉൾപ്പെടെയുള്ള വിവിധ ഇവന്റുകൾക്കുള്ള ഇടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാകളക്ടർ പറഞ്ഞു.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.എ നസീബ്, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, കുടുംബശ്രീ എ.ഡി.എം സി.ഡി ഹരിദാസ്, ജില്ലാ നിർമ്മിതി കേന്ദ്ര പ്രതിനിധി പി.എം ഹൃഷിത് ശിവൻ തുടങ്ങിയവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

0Shares