
തിരുവനന്തപുരം: വിവാദമായ ബി.ജെ.പിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡി.ജി.പിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പ്രതി ചേർത്ത് പോലീസ്. സംഘർഷം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയെ നേരത്തെ പ്രതി ചേർത്തിരുന്നില്ല. ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ എന്ന പോലീസിനെതിരേയുള്ള മുദ്രാവാക്യം വിളി വിവാദമായയിരുന്നു. മുൻ ഡി.ജി.പി തന്നെ പോലീസിന് എതിരെ മുദ്രാവാക്യം വിളിക്കുന്നത് ഐ.പി.എസ് അസോസിയേഷന് അകത്തും ചർച്ചാവിഷയമായിരുന്നു. ഇത് സേനക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന വിഷയമാണെന്നും വിലയിരുത്തൽ വന്നു. കൂടാതെ പോലീസ് ഉദ്യോഗസ്ഥർക്കിടയിലും വിഷയത്തിൽ നടപടി വേണം എന്ന ആവശ്യം ഉയർന്നു. പിന്നാലെയാണ് ശ്രീലേഖയെ കേസില്‍ പ്രതി ചേർത്ത് പോലീസ് പ്രത്യേക റിപ്പോർട്ട് നൽകിയത്. ആദ്യം കേസിൽ നിന്നും ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എം.എല്‍.എ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ശ്രീലേഖക്കൊപ്പം ഡെപൂട്ടി മേയർ ആശ നാഥനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
