Trending News





കണ്ണൂർ: കാസർകോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം കൂടുതൽ ശക്തിപ്പെടുത്തി ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഗവ- മെഡിക്കൽ കോളേജ് ആശുപത്രി പൂർത്തിയാക്കുന്നതിനു പ്രധാന പരിഗണന നൽകും. എന്നാൽ ജില്ലയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് എളുപ്പം എത്തിച്ചേരാവുന്ന മറ്റു സർക്കാർ ആശുപത്രികളുടെ നവീകരണത്തിന് നടത്തിയ വിവരങ്ങൾ മുഖ്യമന്ത്രി ജില്ലാ കലക്ടറോടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കേണ്ട സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലയിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണത്തെക്കുറിച്ചും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണ മേനോൻ സ്മാരക ഗവൺമെൻ്റ് വനിതാ കോളേജിൽ നടന്ന മേഖലാതല യോഗത്തിൽ കാസർകോട് ജില്ലയിലെ വിഷയങ്ങൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയും കിഫ്ബി പദ്ധതിയുടെ ഭാഗമായും ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മറ്റ് താലൂക്ക് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. കാസർകോട് ഗവ മെഡിക്കൽ കോളജിൽ ഈ വർഷം തന്നെ കോഴ്സുകൾ ആരംഭിക്കാൻ ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയായി കാസർകോട് ജനറൽ ആശുപത്രി പ്രവർത്തിക്കും. കാസർകോട് മെഡിക്കൽ കോളജിൽ ഹോസ്പിറ്റൽ ബ്ലോക്കിൻ്റെ നിർമ്മാണം കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. നിലവിലെ നിർമ്മാണ കരാറുകാരുമായി കരാർ അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടികൾ കിറ്റ്കോ തയ്യാറാക്കിയിട്ടുണ്ട്. അത് പൂർത്തിയാകുന്നതോടെ ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മാണം കിഫ്‌ബി മുഖേന പൂർത്തിയാക്കാൻ സാധിക്കും.
കാസർകോട് മെഡിക്കൽ കോളേജിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾക്ക് എത്തിച്ചേരാൻ റോഡ് സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. മഞ്ചേശ്വരം താലൂക്കിലെ മംഗൽപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും ഒരു അസിസ്റ്റൻ്റ് ഡയറക്ടർ, ഒരു ജൂനിയർ കൺസൾട്ടൻ്റ് (ജനറൽ മെഡിസിൻ), നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ആറ് നഴ്‌സിംഗ് ഓഫീസർ, ഒരു ഫാർമസിസ്റ്റ്, ഒരു ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് I, ഒരു ആശുപത്രി അറ്റൻഡൻ്റ് ഗ്രേഡ് II, രണ്ട് ക്ലർക്ക് എന്നീ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ കിഫ്‌ബി മുഖേനയുള്ള കെട്ടിടം നിർമ്മിക്കുന്നതിനായി 17.47കോടിയുടെ ഭരണാനുമതിയും ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് ടാറ്റ കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി തെക്കിൽ വില്ലേജിലെ 4.12 ഏക്കർ സ്ഥലത്ത് ആറ് ബ്ലോക്കുകളിയായി 128 പ്രീഫാബ്രിക്കേറ്റഡ് സ്‌ട്രച്ചറിലുള്ള കണ്ടെയ്‌നറുകൾ കോവിഡ് 19 രോഗബാധിതരായവരെ ചികിത്സിക്കാനുള്ള ആശുപത്രി നിർമ്മിച്ച് അയ്യായിരത്തോളം വരുന്ന രോഗികൾക്ക് ചികിത്സ നൽകിയിരുന്നു. ഇതിനായി സർക്കാർ സ്പെഷ്യാലിറ്റി ഡോക്ടർ തസ്തികയടക്കം 191 ജീവനക്കാരുടെ തസ്തികയും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചിരുന്നു. നിലവിലെ കണ്ടെയ്നറുകൾ നീക്കം ചെയ്ത് ടാറ്റ ട്രസ്റ്റ് ആശുപത്രിയിൽ പി.എം – എ.ബി.എച്ച്.ഐ.എം പദ്ധതിയിൽ ഉൾപ്പെടുത്തി 50 കിടക്കകളോടു കൂടിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മിക്കുന്നതിന് 20.75 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇതിൻ്റെ സങ്കേതിക അനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുന്നു. ലഭിച്ചാൽ ഉടൻ ടെൻഡർ നടപടി അഭിക്കുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറി അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് ഈ മാസം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തീരദേശ മേഖലകളിലെ കടലാക്രമണവും മറ്റും കണക്കിലെടുത്ത് സർക്കാർ സംസ്ഥാനത്ത് 10 ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചിരുന്നു. കാസർകോട് ജില്ലയിലെ വലിയപറമ്പ് ഈ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുന്നു. കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ പറമ്പ പഞ്ചായത്തിലെ കടലാക്രമണം തടയാൻ ആവശ്യമായ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കുമെന്ന് ജല വിഭവ വകുപ്പ് സെക്രട്ടറി അവലോകന യോഗത്തിൽ അറിയിച്ചു.

Sorry, there was a YouTube error.