
കോഴിക്കോട്: പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ. പ്രതി ഷിബിൻ ലാലിൽ നിന്നും 1 ലക്ഷം രൂപ കണ്ടെടുത്തതിന് പിന്നാലെ 39 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു പണം. ഷിബിൻ ലാലിൻ്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. കൂടെ ഷിബിൻ ലാലിൻ്റെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും കണ്ടെത്തി.
ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തൻ്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാൽ ഈ മൊഴി പോലീസിന് വിശ്വസനീയമായിരുന്നില്ല. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണത്തെക്കുറിച്ച് വിവരം ലഭിച്ചത്. ജൂണ്‍ ആദ്യമായിരുന്നു ബാങ്കിൽ എത്തിയ പ്രതി ജീവനക്കാരുടെ കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. 40 ലക്ഷം രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്.
