Categories
health Kerala news obitury

നിപ മരണം, ജാഗ്രതയോടെ ആരോഗ്യവകുപ്പ്; സമ്പര്‍ക്കപ്പട്ടികയിൽ 425 പേർ; നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒരു നിപ മരണം സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ICU വിൽ ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പർക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.

നിപ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ക്രോഡീകരിക്കുന്നതിന് മന്ത്രി യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിപ പടരുന്നത് തടയാൻ നിരീക്ഷണവും ജാഗ്രതയുമാണ് ആരോഗ്യവകുപ്പ് ശക്തമാക്കുന്നത്. പ്രദേശത്ത് പനി സര്‍വൈലന്‍സ് ശക്തമാക്കും. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest