വോട്ടെണ്ണൽ ദിനം ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ എല്ലാവരും സഹകരിക്കും; രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം കാസറഗോഡ് ചേർന്നു; കർശന നിർദ്ദേശവുമായി പോലീസ്; കൂടുതൽ അറിയാം..

You are currently viewing വോട്ടെണ്ണൽ ദിനം ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ എല്ലാവരും സഹകരിക്കും; രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം കാസറഗോഡ് ചേർന്നു; കർശന നിർദ്ദേശവുമായി പോലീസ്; കൂടുതൽ അറിയാം..

കാസറഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനവുമായി ബന്ധപ്പെട്ട് പൊതുശാന്തിയും സമാധാനവും ക്രമവും നിലനിർത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകരും പൊതുജനങ്ങളും സഹകരിക്കാൻ ജില്ലാതെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥനായ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകക്ഷി യോഗം തീരുമാനിച്ചു. നിയമസഭാ വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ സഹകരിച്ച എല്ലാവരോടും ജില്ലാകളക്ടർ നന്ദി പറഞ്ഞു. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കാസർഗോഡ് ഗവൺമെൻറ് കോളേജിൽ മഞ്ചേശ്വരം. കാസർഗോഡ്, ഉദുമ മണ്ഡലങ്ങളുടെയും കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ തൃക്കരിപ്പൂർ. കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെയും വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടർ പറഞ്ഞു.

ആഹ്ലാദ പ്രകടനത്തിൻ്റെ ആരംഭസ്ഥലം, അവസാനസ്ഥലം, സമയം, മാർഗം എന്നിവ മുൻകൂട്ടി പോലീസ് അധികാരികളുമായി ആലോചിച്ച് നിശ്ചയിക്കുകയും അതു കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വോട്ടെണ്ണൽ ദിവസമായ ദിവസം വൈകിട്ട് 7 ന് ശേഷം യാതൊരു തരത്തിലുള്ള പ്രകടനങ്ങളോ വിജയാഘോഷങ്ങളോ അനുവദനീയമല്ല. സമയപരിധി കർശനമായി പാലിക്കണം. പൊതുസ്ഥലങ്ങളിലും റോഡുകളിലും അല്ലെങ്കിൽ മറ്റ് പാർട്ടികളുടെ പ്രവർത്തകരുടെ വീടുകളുടെ സമീപത്തും പടക്കം ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കളുടെ സ്വാധീനത്തിലോ ഉള്ള പ്രവർത്തകരുടെ പങ്കാളിത്തം നേതാക്കൾ കർശനമായി തടയേണ്ടതാണ്.

നിയമലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. മുൻകൂർ അനുമതി ഇല്ലാതെ DJ സംവിധാനങ്ങളോ ഉച്ചഭാഷിണികളോ ഉപയോഗിക്കാൻ പാടില്ല. ഉച്ചഭാഷിണികളുടെ ശബ്ദം അനുവദിച്ചിരിക്കുന്ന പരിധി കവിയാൻ പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികളുടെ ശേഷിക്കുന്ന എല്ലാ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കം ചെയ്യണം. മറ്റുപാർട്ടികളുടെ പ്രകടനങ്ങളിൽ പ്രവേശിക്കുന്നത് യാതൊരു കാരണവശാലും അനുവദനീയമല്ല. നിയമലംഘനം കണ്ടെത്തുന്ന പക്ഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പി.കെ ഫൈസൽ (ഐ. എൻ.സി), ടി.എം.എ കരീം (സി.പി.ഐ.എം), എൻ. ബാബുരാജ് (ബി.ജെ.പി), ഹാരിസ് ചൂരി (ഐ.യു.എം.എൽ), മുഹമ്മദ് ഫിറോസ് എ. (ആർ.എസ്.പി), കെ. വിജയകുമാർ (എ.എ.പി) വിജയകുമാർ (ബി.എസ്.പി), ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.സുനിൽ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

0Shares