
കാസർകോട്: സസ്നേഹം സഹപാഠിക്ക് എന്ന പേരിൽ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ സഹപാഠിക്ക് വിദ്യാർത്ഥികൾ ഒരുക്കിയ വീടിൻ്റെ കൈമാറ്റ ചടങ്ങ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷറഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. 2023- 24 അധ്യയന വർഷത്തിൽ ആരംഭിച്ചതാണ് സസ്നേഹം സഹപാഠിക്ക്. സഹപാഠിയ്ക്ക് വീട് ഒരുക്കാനുള്ള തീരുമാനം വന്നതോടെ മധുര പലഹാരം ഒഴിവാക്കി വിദ്യാർത്ഥികൾ ആ തുക ക്ലാസ് അധ്യാപകരെ ഏൽപ്പിക്കുമായിരുന്നു. ഇങ്ങനെ തുക സമാഹരിച്ചതോടെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എയും കൂടി വിദ്യാർത്ഥികളെ സഹായിച്ചതോടെ വീട് നിർമാണം വേഗത്തിലായി.
