സബ് രജിസ്ട്രാർ, ആധാരം എഴുത്ത് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേടുകൾ കണ്ടെത്തി

  • Post category:local news
  • Reading time:1 min read
You are currently viewing സബ് രജിസ്ട്രാർ, ആധാരം എഴുത്ത് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ക്രമക്കേടുകൾ കണ്ടെത്തി

കാസർകോട്: സബ് രജിസ്ട്രാര്‍, ആധാരം എഴുത്ത് ഓഫീസുകളില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ക്രമക്കേടുകളും അപാകതകളും കണ്ടെത്തി. കാസര്‍കോട്, രാജപുരം, മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് ഡി.വൈ.എസ്പി .കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഈ മൂന്ന് ഓഫീസുകളില്‍ നിന്നായി പണം കണ്ടെത്താനായില്ലെങ്കിലും വ്യാപകമായ ക്രമക്കേടുകളും ന്യൂനതകളും കണ്ടെത്തിയതായി വിജിലന്‍സ് സംഘം അറിയിച്ചു.

വീടിൻ്റെ മതിപ്പു വിലയില്‍ കുറവ് വരുത്തി രജിസ്ട്രര്‍ ചെയ്ത വകയില്‍ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട ലക്ഷണക്കിന് രൂപ നഷ്ടം വരുത്തിയതായി കണ്ടെത്തിയെന്നും സബ്രജിസ്ട്രാര്‍ ആവശ്യമായ പരിശോധനകള്‍ നടത്താതെ എന്‍ജിനീയര്‍, ആധാരം എഴുത്തുകാര്‍ എന്നിവരുടെ സംഘം നിശ്ചയിക്കുന്ന തുകയ്ക്കാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും വിജിലന്‍സ് പറഞ്ഞു.

ഇതിന് പുറമേ രജിസ്റ്റര്‍ ചെയ്യുന്നതിനായി തയ്യാറാക്കുന്ന രേഖകള്‍ക്കും മറ്റുമായി ആധാര എഴുത്തുകാര്‍ ഈടാക്കുന്ന ഫീസിനു രസീത് നല്‍ക്കുകയും ഇത് രജിസ്ട്രാര്‍ക്ക് നല്‍കുന്ന അപേക്ഷയോടൊപ്പം ഹാജരാക്കുകയും വേണം. എന്നാല്‍ ഇതൊന്നും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഓരോ രജിസ്ട്രഷനും മിനിമം 1000 രൂപ എന്ന നിലയില്‍ ജീവനക്കാര്‍ക്ക് നല്‍കാനായി കൈക്കൂലി വാങ്ങുന്നതായി പരാതിയുണ്ടെങ്കിലും പരിശോധനയില്‍ ഇവ കണ്ടെത്തിയില്ലെന്നും വിജിലന്‍സ് അധികൃതര്‍ പറ‍ഞ്ഞു. സി.ഐമാരായ സിബി തോമസ്, കെ. ഗോപകുമാര്‍ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

0Shares