
ദില്ലി: ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിന് തിരിച്ചടി. കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറണമെന്ന അരവിന്ദ് കെജ്രിവാളിൻ്റെ അപേക്ഷ ഹൈക്കോടതി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ തള്ളി. ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്ന ഹർജി അതെ ജഡ്ജി തന്നെയാണ് തള്ളിയത്. സമ്മർദ്ദം ചെലുത്തിയും സാമൂഹികമാധ്യമങ്ങളിലൂടെ അസത്യം പ്രചരിപ്പിച്ചും കോടതിയുടെ വിശ്വാസ്യത ഇടിക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കാനാകില്ലെന്ന് രണ്ട് മണിക്കൂറിലധികം നീണ്ട് നിന്ന വിധി പ്രസ്താവത്തിൽ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പറഞ്ഞു.
ജുഡീഷ്യൽ മജിസ്ട്രേറ്റിൽ തുടങ്ങി, 34 വർഷത്തെ പ്രവർത്തനപരിചയമാണ് തൻ്റെ ശക്തി. ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിയ്ക്കാൻ കെജ്രിവാളിന്റ കൈവശം തെളിവില്ല. ജഡ്ജിക്ക് എതിരെ ഉന്നയിച്ച ആരോപണം കോടതിക്ക് എതിരായ നീക്കമാണ്. കെജരിവാളിന് താൻ നിരാപരാധിയെന്ന് വാദിക്കാം. എന്നാൽ ജഡ്ജി കളങ്കിതയാണെന്ന് പൊള്ളയായ വാദം ഉന്നയിക്കരുതെന്നും ജഡ്ജി പറഞ്ഞു. ഇത്തരം കാര്യങ്ങൾ അനുവദിച്ചാൽ അത് ഭാവിയിലും ആവർത്തിക്കും. ശക്തരായ ഹർജിക്കാർക്ക് ഏത് ജഡ്ജിയെയും ആക്രമിക്കാൻ ഇത് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ആവശ്യം തള്ളിയത്. പിൻമാറിയാൽ ജുഡീഷ്യൽ അന്തസത്തയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾ അനുവദിക്കില്ലെന്നും ഭരണഘടന ഉയർത്തിയാണ് മുന്നോട്ട് പോകുന്നതെന്നും ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പറഞ്ഞു. സിബിഐ അപ്പീലിൽ ഈ മാസം 29ന് വീണ്ടും വാദം കേൾക്കും.
