
കാസർകോട്: പോലീസിൻ്റെ കടുത്ത മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തെക്കുറിച്ച് ജില്ലാ പോലീസ് അധികാരികൾ പ്രഖ്യാപിച്ച അന്വേഷണം ഊർജിതമാക്കി കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു. വാഹനങ്ങൾ പരിശോധിക്കുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും സംസ്ഥാനത്ത് നിയമങ്ങളുണ്ട്. നിയമങ്ങളെ കാറ്റിൽ പറത്തിയാണ് പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത്. പോലീസ് പിടികൂടിയ ഓട്ടോറിക്ഷ വിട്ട് കിട്ടാൻ ദിവസങ്ങളോളം അബ്ദുൽ സത്താർ കാസർകോട് പോലീസ് സ്റ്റേഷനിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും കയറി ഇറങ്ങിയെങ്കിലും പോലീസുദ്യോഗസ്ഥരുടെ ആട്ടും തുപ്പും കേട്ട് മാനസികമായി തളർന്നു. ഇതോടെയാണ് അബ്ദുൽ സത്താർ ജീവനൊടുക്കിയത്. സത്താറിൻ്റെ മരണത്തിന് കാരണക്കാർ പോലീസുകാരാണ്. ടൗൺ സ്റ്റേഷനിലേയും, ഉന്നത ഉദ്യോഗസ്ഥമാരുടെ ഓഫീസുകളിലെ സി.സിക്യാമറകൾ പരിശോധിച്ചാൽ അബ്ദുൽ സത്താർ കയറി ഇറങ്ങിയ ദൃശ്യങ്ങൾ കാണാൻ സാധിക്കും. ജനങ്ങളുടെ മേൽ കുതിര കയറാൻ ഇടത് സർക്കാർ പോലീസിനെ കയറഴിച്ചു വിട്ടിരിക്കുന്നു. ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസിൻ്റെ പ്രവർത്തനങ്ങൾ. നഗരങ്ങളിൽ ട്രാഫിക് നിയന്ത്രിക്കുന്നതും വാഹനങ്ങൾ പരിശോധിക്കുന്നതും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും നിയമപരമായി യാതൊരു അധികാരവുമില്ലാതെയാണ്. എ.ആർ.പോലീസും, കെ.എ.പി.ക്കാരും ഹോം ഗാർഡുകളും അനാവശ്യമായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. അവരുടെ വാക്കുകളും പ്രവർത്തികളും വേദവാക്യങ്ങളായി ഉന്നത ഉദ്യോഗസ്ഥർ ഏറ്റെടുക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇത് കാട്ടുനീതിയും നിയമലംഘനവുമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് തന്നെ ജനങ്ങളുടെ ജീവൻ അപഹരിക്കുന്നവരായി മാറുന്നത് അംഗീകരിക്കാൻ കഴിയില്ല.
അറിയപ്പെടുന്ന സി.പി.എം പ്രവർത്തകനായ അബ്ദുൽ സത്താർ പോലീസ് അന്യായമായി ഓട്ടോറിക്ഷ പിടിച്ചു വെച്ചതിനെ തുടർന്ന്, കുടുംബം ദിവസങ്ങളോളം പട്ടിണിയിലായ സാഹചര്യത്തിൽ ജീവനൊടുക്കിയിട്ടും സി.പി.എം നേതൃത്വം മൗനം പാലിക്കുന്നതിൽ ദൂരൂഹതയുണ്ട്. ജീവനൊടുക്കാൻ പോകുന്ന സമയത്ത് അബ്ദുൽ സത്താർ സോഷ്യൽ മീഡിയകളിൽ നല്കിയ വീഡിയോ സന്ദേശത്തിൽ ധീര സഖാക്കൾക്ക് ലാൽ സലാം പറഞ്ഞ് കൊണ്ടാണ് മരണത്തിലേക്ക് പോയതെന്ന സംഭവം പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അബ്ദുൽസത്താറിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിൽ മുന്നിൽ കൊണ്ട് വരാൻ പോലീസ് തയ്യാറവണമെന്നും അല്ലാത്തപക്ഷം മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
