Categories
education health Kerala local news news

മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണം; സൂര്യൻ ഉദിക്കുന്നതിന് മുമ്പും ഇരുട്ട് വീഴുന്ന സമയങ്ങളിലും കാൽനടയായി പുറത്തിറങ്ങുന്ന സ്ത്രീകളും ഇത് ശ്രദ്ധിക്കണം; അപകടം ഒഴിവാക്കാൻ ബാലാവകാശ കമ്മീഷന്‍; നിർദേശങ്ങൾ വായിക്കാം

തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. രാത്രി സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുന്ന കുട്ടികളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ലെന്നും ഇത് അപകടങ്ങളുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ്റെ നിര്‍ദ്ദേശം.

വാഹനമോടിക്കുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന വെളുത്ത നിറത്തിലുള്ള മക്കന ധരിക്കണമെന്ന് പട്ടാമ്പി ജോയിന്റ് റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫിസര്‍ മദ്രസ അധ്യാപകര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ശരിവെച്ചാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്. സൂര്യൻ ഉദിക്കുന്നതിന് മുമ്പും ഇരുട്ട് വീഴുന്ന സമയങ്ങളിലും മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളും മറ്റ് ആവശ്യങ്ങളുമായി പുറത്ത് പോകുന്നവരും (കാൽനടയായി പുറത്തിറങ്ങുന്ന സ്ത്രീകളും) ഇക്കാര്യം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷക്ക് ഇത് ആവശ്യമാണെന്ന് കാട്ടി റോഡ് സുരക്ഷ അതോറിറ്റി കമ്മീഷണറും ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മക്കന വെളുത്തത് ധരിക്കുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് മുഖാന്തരവും മറ്റ് സുരക്ഷ ക്ലാസ്സുകളിലൂടെയും പ്രചാരണം നടത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ മദ്രസകളിലും മറ്റ് സ്ഥാപനങ്ങളിലും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കും കമ്മിഷന്‍ അംഗങ്ങളായ കെ.നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *