Categories
articles Kerala local news trending

ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്; ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് തടഞ്ഞു; പ്രതിഷേധമിരമ്പി, ജലപീരങ്കി പ്രയോഗിച്ചു

കാസർകോട്: ഇടത് സർക്കാരിൻ്റെ പിടിപ്പ്കേട് കൊണ്ട് ആരോഗ്യ മേഖലയിൽ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച്‌ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കാസർകോട് ഡി.എം.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. MYL ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാടുള്ള ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ആറങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ജില്ലാ ആശുപത്രി പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ട അനേകായിരം പേർ ആശ്രയിക്കുന്ന ആശുപത്രികൾ സർക്കാറിൻ്റെ അനാസ്ഥ കാരണം വലിയ ദുരിതത്തിലാണെന്നും. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ചികിത്സാമേഖല താറുമാറായിരിക്കുകയാണെന്നും ഉദ്ഘാന പ്രസംഗത്തിൽ അഷ്റഫ് എടനീർ പറഞ്ഞു. ലോകത്തിന് മാതൃകയായ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ ഇടത് സർക്കാർ തകർത്തിരിക്കുകയാണ്. ജില്ലയിലെ ആരോഗ്യ മേഖലയോട് സർക്കാർ വലിയ അവഗണനയാണ് കാണിക്കുന്നത്. യു.ഡി.എഫ് ഭരണ കാലത്ത് ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ് ഇപ്പോഴും പാതി വഴിയിലാണ്. ജില്ലാ ആശുപത്രിയും, ജനറൽ ആശുപത്രിയുമടക്കമുള്ളവയിൽ ഡോക്ടർമാരുടേതടക്കം നിരവധി ഒഴിവുകളാണ് ഉള്ളത്. കാസർകോട് ജനറൽ ആശുപത്രിയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായി അനുവദിച്ച് കിട്ടിയ രാത്രികാല പോസ്റ്റ് മോർട്ടം ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കാരണം ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.

ഇക്കാര്യങ്ങളിലൊക്കെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ജില്ലയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ ബദ്റുദ്ധീൻ, എം.എ നജീബ്, ശംസുദ്ധീൻ ആവിയിൽ, റഹ്മാൻ ഗോൾഡൻ, നൗഷാദ് എം.പി, എ.ഹമീദ് ഹാജി, മുബാറക് ഹസൈനാർ ഹാജി, ബഷീർ ചിത്താരി, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, ഹാരിസ് ബെദിര, ജംഷീർ ചിത്താരി, അജ്മൽ തളങ്കര, സലാം ചെർക്കള, ജബ്ബാർ ചിത്താരി, ഹാഷിം ബംബ്രാണി, ആസിഫലി കന്തൽ, സിദ്ധീഖ് കുശാൽ നഗർ, അയ്യൂബ് ഇഖ്ബാൽ നഗർ, റഷീദ് ഹൊസ്ദുർഗ്, സലാം മീനാപ്പീസ്, ഹാരിസ് ബദ്രിയനഗർ, ടി.അബ്ദുൾ റഹ്മാൻ, എം.കെ റഷീദ്, റഫാദ് ബല്ലാകടപ്പുറം, ആസിഫ് ബദർനഗർ, അസ്കർ അതിഞ്ഞാൽ, അഷ്ഫാഖ് തുരുത്തി, കലന്തർ ശാഫി, മുസമ്മിൽ ഫിർദൗസ് നഗർ, തുടങ്ങിയവർ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest