
കാസർകോട്: അന്തരിച്ച കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫിൻ്റെ സമുന്നത നേതാവുമായ കരുൺ താപ്പയുടെ മൃതദേഹം കാസർകോട് ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. മൃതദേഹത്തിൽ കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ തുടങ്ങിയ നേതാക്കൾ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്താൻ എത്തിയത്. സംസ്ക്കാര ചടങ്ങ് ഞായറാഴ്ച്ച രാവിലെ നടത്താനാണ് കുടുംബം തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് മകളുടെ വീട്ടിലായിരുന്നു അന്ത്യം.
കാസർകോട് ജില്ലയിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിനും യു.ഡി.എഫ് മുന്നണിക്കും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ അദ്ദേഹത്തിൻ്റെ പരിചയ സമ്പത്ത് മുന്നണിക്ക് എന്നും കരുത്ത് പകർന്നിട്ടുണ്ട്. കുശലം നിറഞ്ഞുള്ള അദ്ദേഹത്തിൻ്റെ വാക്കുകളും ശൈലികളും ഏവരെയും ആകർഷിക്കുന്നതായിരുന്നു. മേൽപറമ്പിലെ ബാല്യകാലം മുതൽക്ക് ഞങ്ങൾ അടുത്തറിയാം. സുദീർഘമായ ആ ബന്ധം നിലച്ചു പോകുന്നതിൻ്റെ വേദന വാക്കുകൾക്കതീതമാണ്. നാളിതുവരെ പരസ്പരം സംസാരിച്ചതും പ്രവർത്തിച്ചതുമായ രംഗങ്ങൾ മനസ്സിൽ ഓടിയെത്തുന്നു. പ്രിയപ്പെട്ടവൻ്റെ സദ്പ്രവൃത്തികൾ അവിസ്മരണീയമായി ജില്ലയിലെ ഓരോ യു.ഡി.എഫുകാരൻ്റെയും ഹൃദയാന്തരങ്ങളിലുണ്ടാകും. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുസ്മരിച്ചു കൊണ്ട് യു.ഡി.എഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
