
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുപോയിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയാണ് അന്ത്യം സംഭവിച്ചത്. 1992ൽ സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം, 1991 മുതൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗം, സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗം, എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ അംഗം, സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ചെയർമാൻ, 1974 മുതൽ സമസ്ത കാസർകോട് താലൂക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡന്റ്, ചെമ്മാട് ദാറുൽ ഇസ്ലാമിക് സർവകാലശാലാ സെനറ്റ് അംഗം, നീലേശ്വരം മർക്കസു ദഹ്‌വ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

അബ്ദുൽ ഖാദിറിൻ്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു യു.എം അബ്ദുറഹ്മാൻ മുസ്ലിയാരുടെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവൻതിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്. മൊഗ്രാൽ അബ്ദുറഹ്മാൻ മുസ്ലിയാർ, കുറ്റിപ്പുറം അബ്ദുൽ ഹസൻ, കെ. അബ്ദുല്ല മുസ്ലിയാർ, വെളിമുക്ക് കെ.ടി മുഹമ്മദ് കുട്ടി മുസ്ലിയാർ, ചാലിയം പി. അബ്ദുറഹ്മാൻ മുസ്ലിയാർ, എം.എം ബഷീർ മുസ്ലിയാർ, ശൈഖ് ഹസൻ ഹസ്റത്ത്, അബൂബക്കർ ഹസ്രത്ത്, കെ.കെ ഹസ്രത്ത്, മുസ്തഫ ആലിം എന്നിവരാണു പ്രധാന ഗുരുനാഥൻമാർ. കുമ്പള ജുമാമസ്ജിദ്, ഇച്ചിലങ്കോട് ജുമാമസ്ജിദ്, മൊഗ്രാൽ ജുമാമസ്ജിദ്, തൃക്കരിപ്പൂർ ബീരിച്ചേരി ജുമാമസ്ജിദ്, പുതിയങ്ങാടി ജുമാമസ്ജിദ്, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ്, വൾവക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിരുന്നു. ശൈഖുനാ യു.എം ഉസ്താദിൻ്റെ ജനാസ ഉച്ചക്ക് 12 മണിക്ക് ചട്ടഞ്ചാൽ എം.ഐ.സിയിൽ എത്തിക്കും. ജനാസ കാണാനും മയ്യിത്ത് നിസ്കരിക്കാനും അവിടെ സൗകര്യമുണ്ടായിരിക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ട് പോയി വൈകുന്നേരം 5.00 മണിക്ക്
മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
