
ദില്ലി: പഹൽഗാം ഭീകരാക്രമണം, ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ സൗഹൃദ രാജ്യങ്ങളോട് സഹായം തേടി. ചൈന, തുർക്കി, ഇറാൻ അടക്കമുള്ള രാജ്യങ്ങളോടാണ് സഹായം തേടിയത്. ഇതോടെ യുദ്ധ വിമാനങ്ങളും ആയുധങ്ങളും ഇരു രാജ്യങ്ങളും പാകിസ്ഥാനിലേക്ക് കൈമാറിയതായാണ് വിവരം. യുദ്ധ സമാന അന്തരീക്ഷമാണ് അതിർത്തികളിലുള്ളത്. ഇതോടെ ഇന്ത്യ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. പാകിസ്ഥാൻ്റെ നീക്കങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ് നിലവിൽ ഇന്ത്യ. അതേസമയം പാക്ക് നിലപാട് സ്വീകരിക്കുന്ന 16 യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ സോഷ്യൽ മീഡിയ നിരീക്ഷണവും ശക്തമാക്കി. ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്കാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയത്. ഡോൺ ന്യൂസ്, സമ ടി.വി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചിട്ടുള്ളത്. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൻ്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിലും സുരക്ഷ ശക്തമാക്കി. കനത്ത ജാഗ്രതയിലാണ് ഗ്രാമങ്ങൾ. ഇന്ത്യ-പാക് അതിർത്തി ഗ്രാമങ്ങളിൽ സൈനിക വിന്യാസം ശക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രമവാസികളിൽ പലരെയും മാറ്റി പാർപ്പിച്ചു. അതിർത്തി ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ദില്ലിയിൽ തിരക്കിട്ട് ഉന്നതതല യോഗങ്ങൾ നടക്കുകയാണ്. പ്രധാന മന്ത്രിയും, പ്രതിരോധ മന്ത്രിയും ഇന്നും കൂടിക്കാഴ്ച നടത്തി. ചൈന, തുർക്കി, ഇറാൻ അടക്കമുള്ള രാജ്യങ്ങളുടെ നീക്കങ്ങളും നിരീക്ഷിക്കേണ്ടതുണ്ട്. അതിനാൽ പാകിസ്ഥാനിലേക്ക് അവർ അയക്കുന്ന യുദ്ധ വിമാനങ്ങൾ ആയുധങ്ങൾ അടക്കമുള്ള സംഭങ്ങളെ കുറിച്ചും ഇന്ത്യൻ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. ഉടൻ തിരിച്ചടി നൽകിയാൽ പാക്കിസ്ഥാൻ അതിർത്തി മാത്രമല്ല ചൈന, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയും ഇന്ത്യയിൽ ശക്തമാക്കേണ്ടതുണ്ട്. ചൈന, തുർക്കി നേരിട്ട് ഇന്ത്യയെ വെല്ലുവിളിക്കാൻ തയ്യാറല്ലങ്കിലും പാകിസ്ഥാനിന്നുള്ള സഹായങ്ങൾ നൽകുന്നതും ഇന്ത്യയോടുള്ള പരോക്ഷ യുദ്ധ പ്രഖ്യാപനമായി കരുതേണ്ടിയിരിക്കുന്നു. അതേസമയം ഇസ്രായേൽ, അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
