
കാസർഗോഡ്: ചിങ്ങം ഒന്ന് കർഷക ദിനത്തിനോട് അനുബന്ധിച്ച് ജീവനം ജൈവവൈവിധ്യ സമിതി കർഷകരെ വീടുകളിൽ ചെന്ന് ആദരിച്ചു. കർഷകനായ എച്ച്.കൃഷ്ണൻ, കരുണാകരൻ വിസ്മയ എന്നിവരെയാണ് ആദരിച്ചത്. ശാരീരിക അവശതയെ വിസ്മരിച്ച് കൃഷി ജീവിതം ആനന്ദമാക്കുന്ന കുറ്റിക്കോൽ അറത്തൂട്ടിപ്പാറയ്ക്കടുത്ത് പരേതനായ മളിക്കാൽ കല്ലളൻ്റേയും ചിറ്റയുടേയും മൂത്ത മകനാണ് എച്ച്.കൃഷ്ണൻ. വൈവിധ്യം നിറഞ്ഞ കാർഷിക രീതികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് പെരിങ്ങാനത്തെ കരുണാകരൻ വിസ്മയ. ഏതാണ്ട് പത്തു വർഷം മുമ്പാണ് കൃഷ്ണന് രക്തസമ്മർദ്ദത്തെ തുടർന്നുണ്ടായ വീഴ്ചയിൽ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ശബ്ദം അടഞ്ഞുപോയതും. കർഷകത്തൊഴിലാളിയും മികച്ച കർഷകനും കൂടിയായ അദ്ദേഹം അസുഖബാധിതനായിട്ടും അടങ്ങിയിരിക്കാൻ തയ്യാറല്ല. ഏറെ ആസ്വദിച്ചും ആത്മസംതൃപ്തിയോടും കൂടിയാണ് ഇപ്പോഴും പലതരം പച്ചക്കറി കൃഷി ചെയ്യുന്നത്.

അകലെ പോയി കൃഷി ചെയ്യാൻ കഴിയാത്തതിനാൽ സ്വന്തം സ്ഥലത്ത് വീട്ടാവശ്യത്തിനുള്ള
വെള്ളരി, കക്കരി, മഞ്ഞൾ തുടങ്ങിയവ മുടക്കമില്ലാതെ കൃഷിചെയ്തു വരുന്നു അദ്ദേഹം. കൃഷി സ്ഥലം ഒരുക്കുന്നതും നടുന്നതും വളം ചേർക്കലും മറ്റുപരിപാലവുമെല്ലാം സ്വന്തമായാണ് ചെയ്യുന്നത്.
പശുവളർത്തലും ഉണ്ട്. പശുവിനുള്ള പുല്ല്, വെള്ളം, കറവ, തൊഴുത്ത് വൃത്തിയാക്കൽ എല്ലാം സ്വയം ചെയ്യും. കൃഷി ആവശ്യം കഴിഞ്ഞ ചാണകവളം മറ്റു കർഷകർക്ക് വിൽക്കും. ദിവസവും രണ്ടു നേരവും കിലോമീറ്ററുകളോളം ദൂരം നടന്ന് പോയി പച്ച പുല്ല് അരിഞ്ഞു കൊണ്ടുവരും. വളരെ പതുക്കെ മാത്രമേ നടക്കാൻ കഴിയുകയുള്ളൂ എങ്കിലും ഏതു മഴയിലും വെയിലിലും ദിനചര്യപോലെ ഇത് തുടരുന്നു. കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് കന്നുകാലി പരിചരണം. മിണ്ടാപ്രാണികളോടുള്ള സ്നേഹവും സ്വയം ജോലി ചെയ്ത് ജീവിക്കാനുള്ള ദൃഢനിശ്ചയവും ആത്മ വിശ്വാസവുമാണ് അവശതകൾ മറന്ന് ജോലി ചെയ്യാൻ കരുത്തു നൽകുന്നത്. പ്രതിസന്ധിഘട്ടങ്ങളെ പുഞ്ചിരിയോടെ നേരിടാൻ പഠിപ്പിക്കുന്ന, ക്ഷീര കർഷകൻ കൂടിയായ ഈ മികച്ച കർഷകനെ ജീവനം ജൈവവൈവിധ്യ സമിതി പ്രവർത്തകർ വീടുകളിൽ ചെന്ന് ആദരം നൽകി. ഓണക്കോടിയും സമ്മാനമായി നൽകിയിട്ടുണ്ട്.

വൈവിധ്യം നിറഞ്ഞ ജൈവകൃഷി നടത്തുന്ന പെരിങ്ങാനത്തുള്ള കരുണാകരൻ വിസ്മയ എന്ന കർഷകൻ്റെ കൃഷി സ്ഥലം സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു. പ്ലാവിൻ തൈ സമ്മാനിക്കുകയും ചെയ്തു. പെരിങ്ങാനത്തെ വീട്ടുപറമ്പിൽ നെല്ല്, കവുങ്ങ്തെങ്ങ്, വിവിധ ഇനം വാഴകൾ, പച്ചക്കറികൾ, പേര, ഡ്രാഗൺ ഫ്രൂട്ട്, പൈനാപ്പിൾ, കോഴി, പശു, തുടങ്ങി വ്യത്യസ്തമായ കാർഷിക വിളകളാണ് ചെയ്തുവരുന്നത്. പാറപ്പുറത്ത് മണ്ണിട്ട് നികത്താണ് കൃഷി സ്ഥലം ഒരുക്കിയത്. വിവിധ ഇനം ഭക്ഷ്യവിളകളുടെ വിത്തിനങ്ങളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്. ആധുനികവും പരമ്പരാഗതവുമായ നൂറ്റി അറുപത്തിമുന്നോളം നെൽവിത്തുകളും 60 ഇനം മഞ്ഞൾ വിത്തിനങ്ങളുടേയും ഉടമയാണ്. വീട്ടുമുറ്റത്ത് വ്യത്യസ്ത ഇനം നെൽകൃഷികളും ചെയ്തുവരുന്നു.

ജീവനം പ്രതിനിധികളായി തമ്പാൻ കെ.മീയ്യങ്ങാനം, പി.വി.ശശി, എൻ.അശോക്മാർ കെ.കുഞ്ഞിരാമൻ, എം.ദാമോദരൻ, ഇ.രാധാകൃഷ്ണൻ നായർ, എം.രാജേന്ദ്രൻ നായർ, ഇ.നാരായണൻ നായർ, എ.ഗോപാലകൃഷ്ണൻ, കെ.ടി സുകുമാരൻ, പ്രേമലത പി, പത്മാവതി.എൻ, ദാമോദരൻ എം, കരുവിഞ്ചിയം, തുടങ്ങിയവർ സംബന്ധിച്ചു. കരുണാകരൻ വിസ്മയ കാർഷികാനുഭവങ്ങൾ വിവരിച്ചു. ജീവനം സെക്രട്ടറി തമ്പാൻ കെ മീയ്യങ്ങാനം സ്വാഗതവും എം.ദാമോദരൻ കരുവിഞ്ചിയം നന്ദിയും പറഞ്ഞു. പിവി.ശശി അധ്യക്ഷത വഹിച്ചു.
