
കാസറഗോഡ്: കേരള പുരാവസ്തു വകുപ്പിൻ്റെ അധീനതയിലുള്ള സംരക്ഷിത സ്മാരകമായ കാസർകോട് ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് അവകാശം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി)ക്ക് മൂന്നുവർഷത്തേക്ക് കേരള പുരാവസ്തു വകുപ്പ് കൈമാറും. ധാരണപത്രം ഒപ്പുവെക്കുന്നതിന് പുരാവസ്തു വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായി. കോട്ടയിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ വികസിപ്പിക്കുന്നതിനാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറുന്നത്. കോട്ടയുടെ ഉടമസ്ഥാവകാശം സംസ്ഥാന പുരാവസ്തു വകുപ്പിൽ തന്നെ നിക്ഷിപ്തമാക്കി നിലവിലെ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി കോട്ട നടത്തിപ്പ് അവകാശം കൈമാറുന്നതിന് പുരാവസ്തു ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി. ഡി.ടി.പി.സിയുമായി ധാരണ പത്രം ഒപ്പുവെക്കുന്നതിന് സംസ്ഥാന പുരാവസ്തു ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
